
ബാങ്കോക്ക്: സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട നാടുകളിലൊന്നാണ് തായ്‌ലൻഡ്. കൊവിഡ് മഹാമാരിയുടെ വരവ് തായ്‌ലൻഡ് ടൂറിസത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ടൂറിസത്തെ ആശ്രയിച്ച് ജീവിക്കുന്ന ഇവിടുത്തെ ജനങ്ങളെയും ഇത് കാര്യമായി ബാധിച്ചു. എന്നാലിപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ് തായ്‌ലൻഡ്. ഈ വർഷം തായ്‌ലാൻഡിൽ ഇതുവരെ ഒരു കോടി സഞ്ചാരികളെത്തിയെന്നാണ് കണക്ക്. ഇതിൽ ഒരു കോടി തികഞ്ഞത് ശനിയാഴ്ചയാണ്. 2019ൽ 4 കോടി സഞ്ചാരികളെങ്കിലും തായ്‌ലൻഡിലെത്തിയെന്നാണ് ടൂറിസം വകുപ്പിന്റെ കണക്ക്. രണ്ട് വർഷം നീണ്ട കൊവിഡ് നിയന്ത്രണങ്ങൾ ഏറെക്കുറെ പിൻവലിച്ചതോടെയാണ് തായ്‌ലൻഡ് വീണ്ടും സഞ്ചാരികളുടെ പറുദീസയായി മാറിയിരിക്കുന്നത്. ഈ വർഷം 16 ബില്യൺ ഡോളർ വരുമാനം ടൂറിസം മേഖലയിൽ നിന്ന് നേടാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സഞ്ചാരികളുടെ പട്ടികയിൽ ഒരു കോടി എന്ന അക്കം തികയാൻ ഒരാൾ മാത്രം ബാക്കിയെന്നിരിക്കെ ശനിയാഴ്ചയെത്തിയ സഞ്ചാരികളെ വരവേൽക്കാൻ ബാങ്കോക്കിലെ സുവർണഭൂമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടൂറിസം വകുപ്പ് പ്രത്യേക സ്വീകരണം ഒരുക്കിയിരുന്നു. സൗദി അറേബ്യൻ എയർലൈൻ വിമാനത്തിലെത്തിയ ടൂറിസ്റ്റുകളെ പരമ്പരാഗത വാദ്യ, നൃത്തമേളങ്ങളോടെയാണ് സ്വീകരിച്ചത്. രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലും സ്വീകരണം ഒരുക്കിയിരുന്നു. അടുത്ത വർഷം ഏകദേശം 2.3 കോടി സഞ്ചാരികളെങ്കിലും എത്തുമെന്നാണ് പ്രതീക്ഷ. എങ്കിലും എല്ലാം പഴയപടിയാകാൻ 2024 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് കരുതുന്നത്.