
കൊളംബോ : ശ്രീലങ്കയിൽ ജില്ലകൾക്കിടെയിലും പ്രവിശ്യകൾക്കിടെയിലും ഗോമാംസവും ആട്ടിറച്ചിയും വില്പനയ്ക്കായി കയറ്റി അയക്കുന്നത് താത്കാലികമായി നിരോധിച്ചു. രാജ്യത്തിന്റെ കിഴക്ക്, വടക്ക് പ്രവിശ്യകളിൽ തണുത്ത കാലാവസ്ഥ മൂലം നിരവധി പശുക്കളും ആടുകളും ചത്ത സാഹചര്യത്തിലാണ് തീരുമാനം. പൊതുസുരക്ഷ കണക്കിലെടുത്ത് പ്രസിഡന്റ് റെനിൽ വിക്രമസിംഗെയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
വടക്കൻ പ്രവിശ്യകളിൽ ഇതുവരെ 358 പശുക്കളും 191 ആടുകളും ചത്തെന്നാണ് ആനിമൽ പ്രൊഡക്ഷൻ ആൻഡ് ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ കണക്ക്. കിഴക്കൻ മേഖലയിൽ 444 പശുക്കളും 34 എരുമകളും 65 ആടുകളും ചത്തു. ചത്ത മൃഗങ്ങളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ മേഖലകളിൽ അസാധാരണമായ തണുത്ത കാലാവസ്ഥയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്നത്.