
തന്റെ ഇതിഹാസ സമാനമായ കരിയറിന് ലോകകിരീടത്തിന്റെ ശോഭ നൽകാനുറച്ചെത്തിയ പറങ്കിപ്പടനായകൻ ക്രിസ്റ്റ്യാനൊ റൊണാൾഡോയ്ക്കും ഖത്തറിന്റെ മണ്ണിൽ നിന്ന് കണ്ണീരോടെ മടങ്ങാനായിരുന്നു വിധി. ക്വാർട്ടറിൽ മൊറോക്കൻ അധിനിവേശത്തിൽ പോർച്ചുഗലിന്റെ പോരാട്ടം നിലച്ചതോടെ 37കാരനായ റൊണാൾഡോയുടെ ലോകകപ്പ് മോഹങ്ങൾക്ക് അവസാനമായെന്ന് തന്നെ പറയാം. ഇന്നലെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത ഹൃദയഭേദകമായ കുറിപ്പിലൂടെ ലോകകപ്പ് സ്വപ്നങ്ങൾ അവസാനിച്ചുവെന്ന് റൊണാൾഡോ തന്നെ വ്യക്തമാക്കി.
പോർച്ചുഗലിനായി ഒരു ലോകകപ്പ് നേടുകയെന്നത് എന്റെ ഏറ്രവും വലിയ സ്വപ്നവും ലക്ഷ്യവുമായിരുന്നു. ഭാഗ്യവശാൽ, പോർച്ചുഗലിനായി അന്താരാഷ്ട്ര തലത്തിൽ നിരവധി കിരീടങ്ങൾ നേടാനായി. പക്ഷേ നമ്മുടെ രാജ്യത്തിന്റെ പേര് ലോകത്തിലെ ഏറ്റവും ഉയർന്ന തലത്തിൽ എത്തിക്കുക എന്നത് ഏറ്റവും വലിയ സ്വപ്നമായിരുന്നു. അതിനായി പോരാടി. 16 വർഷത്തിലേറെയായി അഞ്ച് ലോകകപ്പുകളിൽ സ്കോർ ചെയ്തു. എല്ലായ്പ്പോഴും മികച്ച കളിക്കാർക്കൊപ്പം, ദശലക്ഷക്കണക്കിന് പോർച്ചുഗീസുകാരുടെ പിന്തുണയോടെ, ഞാൻ എന്റെ എല്ലാം നൽകി. ഒരിക്കലും ഒരു പോരാട്ടത്തിലും മുഖം തിരിച്ചിട്ടില്ല. ആ സ്വപ്നം ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. ഏറെ ദു:ഖത്തോടെ പറയട്ടെ ഇന്നലെ ആ സ്വപ്നം അവസാനിച്ചു. ഒരുപാട് കാര്യങ്ങൾ പറഞ്ഞു, പല ഊഹാപോഹങ്ങളുമുണ്ടായി, പക്ഷേ പോർച്ചുഗലിനോടുള്ള എന്റെ ആത്മാർത്ഥത ഒരു നിമിഷം പോലും മാറിയിട്ടില്ലെന്ന് എല്ലാവരും അറിയണം. ഇപ്പോൾ, കൂടുതലൊന്നും പറയാനില്ല. നന്ദി, പോർച്ചുഗൽ. നന്ദി ഖത്തർ - റൊണാൾഡോ കുറിച്ചു.
ഈ ലോകകപ്പിൽ തന്നെ എല്ലാ മത്സരത്തിലും ആദ്യ ഇലവനിൽ ഇടം നേടാൻ അദ്ദേഹത്തിനായിരുന്നില്ല. പ്രീക്വാർട്ടറിലും ക്വാർട്ടറിലും ആദ്യ പകുതിയിൽ ബഞ്ചിലായിരുന്നു താരം. മൊറോക്കോയ്ക്കെതിരായ തോൽവിയിൽ തകർന്നുപോയ റൊണാൾഡോയുടെ കരഞ്ഞുകൊണ്ടുള്ള മടക്കം ഈ ലോകകപ്പിലെ ഏറ്രവും ഹൃദയഭേദകമായ കാഴ്ചയായി.
ഫിഫയുടെ ആദരം
പോർച്ചുഗൽ ക്വാർട്ടറിൽ പുറത്തായതിന് പിന്നാലെ അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടിയ അവരുടെ പടനായകൻ റൊണാൾഡയ്ക്ക് ആദരമായി വീഡിയോ പുറത്തിറക്കി ഫിഫ. 2006 ലെ ലോകകപ്പിൽ ഇറാനെതിരെ നേടിയ ഗോൾ മുതൽ ഇത്തവണ ഘാനയ്ക്കെിതിരെ പെനാൽറ്റിയിലൂടെ നേടിയ എട്ടാം ഗോൾ വരെ കോർത്തിണക്കിയാണ് ഫിഫ വീഡിയോ തയ്യാറാക്കിയത്.
വിമർശനവുമായി ജോർജീന
പോർച്ചുഗൽ പരിശീലകൻ സാന്റോസിനെതിരെ വിമർശനവുമായി റൊണാൾഡോയുടെ കാമുകി ജോർജീന റോഡ്രിഗസ് . നിങ്ങളുടെ സുഹൃത്തും പരിശീലകനുമായ ആൾ തെറ്റായ തീരുമാനമാണ് എടുത്തത്. ലോകത്തെ ഏറ്റവും മികച്ച താരത്തെ ഏറ്റവും ശക്തിയേറിയ ആയുധത്തെ അയാൾ വിലകുറച്ചു കണ്ടു. നിങ്ങൾ തോൽക്കുന്നില്ല.- ജോർജീന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ലൂയിസ് ഫിഗോയും റൊണാൾഡോയെ കളിപ്പിക്കാത്തതിനെതിരെ രംഗത്തെത്തിയിരുന്നു.