teddy

ബുഡാപെസ്റ്റ് : കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടമുള്ള പാവയാണ് ടെഡി ബിയർ. അയ്യോ പാവം ലുക്കുള്ള ഈ സുന്ദരൻ കരടിക്കുട്ടന്മാർക്ക് യു.എസ് മുൻ പ്രസിഡന്റ് തിയഡോർ റൂസ്‌വെൽറ്റിന്റെ പേരാണ് ലഭിച്ചിരിക്കുന്നത്. തിയഡോർ അറിയപ്പെട്ടിരുന്നത് ' ടെഡി " എന്നായിരുന്നു. 1902ൽ മിസിസിപ്പിയിൽ നായാട്ടിനിടെ ഒരു കരടിക്കുട്ടിയെ കൊല്ലാൻ ടെഡി വിസമ്മതിച്ചു.

പിന്നീട് അത് ഒരു ന്യൂസ്പേപ്പറിൽ കാർട്ടൂൺ രൂപത്തിൽ പ്രത്യക്ഷപ്പെട്ടതോടെ ഇക്കാര്യം ജനങ്ങൾ അറിഞ്ഞു. 1902 നവംബർ 16ന് വാഷിംഗ്ടൺ പോസ്റ്റിലാണ് ക്ലിഫോഡ് ബെറിമാൻ വരച്ച ആ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. ന്യൂയോർക്കിലെ ബ്രൂക്ക്‌ലിൻ നഗരത്തിൽ കട നടത്തിയിരുന്ന മോറിസ് മിക്റ്റം ഇത് ശ്രദ്ധിച്ചു. അദ്ദേഹത്തിനൊരു ഐഡിയ തോന്നി.

ഓമനത്തമുള്ള ഒരു കരടി പാവയായിരുന്നു അത്. താൻ നിർമ്മിച്ച ആ കരടിപ്പാവയ്ക്ക് തിയഡോറിന്റെ അനുവാദത്തോടെ അദ്ദേഹം പേരിട്ടു ; ടെഡി ബിയർ. ! അങ്ങനെ ടെഡി ബിയറുകൾ ലോകമെമ്പാടും തരംഗം സൃഷ്ടിച്ചു.

ടെഡി ബിയറുകൾ വാങ്ങി സൂക്ഷിക്കുന്നത് ചിലർക്ക് ഹോബിയാണ്. ഇത്തരത്തിൽ ലോകത്ത് ടെഡി ബിയറുകളുടെ ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോഡിനുടമ ആരാണെന്നറിയാമോ ? ഹംഗറി സ്വദേശിനിയായ 63 വയസുള്ള ഇസ്റ്റ്‌വെനെ ആർനോച്ച്കിയാണത്. 20,367 ടെഡി ബിയറുകളാണ് ഇവരുടെ ശേഖരത്തിലുള്ളത്. 2019 ഏപ്രിലിലാണ് ആർനോച്ച്കിക്ക് ഇതിന്റെ ഗിന്നസ് റെക്കോഡ് ലഭിച്ചത്.

കുട്ടിയായിരിക്കെ കടുത്ത ദാരിദ്ര്യത്തിൽ ജീവിച്ച ആർനോച്ച്കിക്ക് ടെഡി ബിയറിനെ സ്വന്തമാക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധിച്ചില്ല. ചെറുപ്പം മുതൽ ടെഡിയെ ഒരിക്കൽ സ്വന്തമാക്കുമെന്ന് ആർനോച്ച്കി ഉറച്ചു വിശ്വസിച്ചിരുന്നു. അങ്ങനെ 20ാം വയസിന് ശേഷം 1978ൽ ആദ്യമായി ഒരു ടെഡിയെ സ്വന്തമാക്കിയ ആർനോച്ച്കി അത് ശീലമാക്കി മാറ്റി.

വാങ്ങിയത് മാത്രമല്ല, മറ്റുള്ളവർ സമ്മാനമായി നൽകിയ ടെഡികളും ആർനോച്ച്കിയുടെ പക്കലുണ്ട്. ഇവയെല്ലാം ഹംഗറിയിലെ തന്റെ ഗ്രാമത്തിലൊരുക്കിയ ടെഡി മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.