rain

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം,ഇടുക്കി,തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. മറ്റ് ജില്ലകളിലെ മലയോര മേഖലകളിൽ ഇടവിട്ട ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള,​ കർണാടക,​ ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.


സംസ്ഥാനത്ത് പതിനാലാം തീയതിവരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. തമിഴ്നാട്ടിൽ കരകയറിയ മാൻഡസ് ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി രൂപപ്പെട്ട് വടക്കൻ കേരള, കർണാടക തീരം വഴി തെക്കുകിഴക്കൻ അറബിക്കടലിൽ പ്രവേശിച്ച സാഹചര്യത്തിലാണിത്. ബുധനാഴ്ചയോടെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച് ഇന്ത്യൻ തീരത്ത് നിന്ന് അകലുന്നതോടെ മഴ കുറയും.