km-shaji

മലപ്പുറം: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. ലീഗ് വർഗീയ പാർട്ടിയാണെന്ന് ഗോവിന്ദൻ പറഞ്ഞാലും പ്രശ്നമില്ലെന്നും എന്നാൽ വിശ്വാസ പ്രമാണങ്ങൾ അടിയറ വയ്ക്കാൻ തയ്യാറല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

രണ്ടാം പിണറായി സർക്കാരിന് ജനപിന്തുണ നഷ്ടമായതുകൊണ്ടാണ് ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കുന്നതെന്നും കെ എം ഷാജി പറഞ്ഞു. മുസ്ലീം ലീഗ് വർഗീയ പാർട്ടിയല്ലെന്നും വർഗീയതയ്ക്കെതിരെ ആരുമായും കൂട്ടുകൂടുമെന്നും എം വി ഗോവിന്ദൻ വെള്ളിയാഴ്ച പറഞ്ഞിരുന്നു. രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളില്ലെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.

ഇന്നലെയും എം വി ഗോവിന്ദൻ ലീഗിനെ പുകഴ്‌ത്തിയിരുന്നു. ഗവർണർ വിഷയത്തിൽ ലീഗ് കൃത്യമായ നിലപാടെടുത്തുവെന്നും, ശരിയായ നിലപാട് സ്വീകരിക്കുമ്പോൾ അതിനെ സ്വാഗതം ചെയ്യുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.