
തിരുവനന്തപുരം: കാരണം കാണിക്കൽ നോട്ടീസ് നൽകിയ എട്ട് വൈസ് ചാൻസലർമാരുടെ ഹിയറിംഗ് ഇന്ന് നടത്തും. രാവിലെ പതിനൊന്ന് മണിമുതൽ രാജ്ഭവനിൽ നടത്തുന്ന ഹിയറിംഗിൽ ഓരോ വി.സിക്കും അരമണിക്കൂർ അനുവദിക്കും.
കേരള മുൻ വി.സി ഡോ.വി.പി മഹാദേവൻ പിള്ളയാണ് ആദ്യം. തിരുവനന്തപുരം മുതൽ വടക്കോട്ടാണ് ഹിയറിംഗ് ക്രമം. കുസാറ്റിൽ പരിപാടിയുള്ളതിനാൽ ഓൺലൈൻ ഹിയറിംഗ് വേണമെന്ന സംസ്കൃത സർവകലാശാലാ വി.സി എം.വി.നാരായണന്റെ അപേക്ഷ ഗവർണർ അംഗീകരിച്ചു. അദ്ദേഹത്തിന് ഉച്ചയ്ക്ക് ശേഷം വെർച്വൽ ഹിയറിംഗ് നടത്തും. നിലവിൽ വിദേശത്തുള്ള എംജി യൂണിവേഴ്സിറ്റ് വൈസ് ചാൻസലറുടെ ഹിയറിംഗ് മറ്റൊരു ദിവസം നടത്തും.
അതേസമയം, ഹിയറിംഗിൽ പങ്കെടുക്കില്ലെന്ന് കണ്ണൂർ വി സി ഡോ. ഗോപിനാഥ് രവീന്ദ്രൻ ഗവർണറെ ഇ-മെയിലിലൂടെ അറിയിച്ചിട്ടുണ്ട്. തന്റെ പുനർ നിയമന രേഖകളും അദ്ദേഹം ആവശ്യപ്പെട്ടു. സെർച്ച് കമ്മിറ്റി രൂപീകരിച്ച വിജ്ഞാപനവും അതിന്റെ നടപടികളുമാണ് ആവശ്യപ്പെട്ടത്. ഇത് പഠിച്ച ശേഷമേ ഹാജരാകാനാവൂ. ജനുവരി മൂന്നിനു ശേഷം ഇതിന് അവസരം നൽകണമെന്നാണ് ഇമെയിലിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് പി.സദാശിവം ഗവർണറായിരിക്കെയാണ് തന്നെ കണ്ണൂർ വി.സിയായി നിയമിച്ചത്. നിയമജ്ഞനായ അദ്ദേഹത്തിന് പിഴവ് പറ്റുമോ? നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് നിയമനമെന്നും ഗോപിനാഥ് രവീന്ദ്രൻ ചൂണ്ടിക്കാട്ടി. പുനർ നിയമനത്തിന്റെ രേഖകൾ നൽകാനാവില്ലെന്ന് രാജ്ഭവൻ വി സിയ്‌ക്ക് മറുപടി നൽകി.