gavi

കോട്ടയം: മഞ്ഞുവീഴുന്ന ഡിസംബറിൽ ആനവണ്ടിയിലെ ഗവിയിലേയ്ക്കുള്ള കാനനയാത്ര സൂപ്പർ ഹിറ്റ്. കാടും കുളിരും ചേരുന്ന യാത്രാനുഭൂതിയ്ക്ക് ആളിടിച്ച് കയറിയപ്പോൾ രണ്ട് ട്രിപ്പിന്റെ വരുമാനം 1.18 ലക്ഷമായി. കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസത്തിന് കീഴിലാണ് ​ഗവി യാത്ര ആരംഭിച്ചത്.

ഡിസംബർ ഒന്നിനായിരുന്നു കോട്ടയത്തുനിന്നുള്ള ആദ്യ ട്രിപ്പ്. യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് ഡിസംബർ 4 ന് മറ്റൊരു യാത്രയും ക്രമീകരിച്ചു. ഒരു ട്രിപ്പിൽ 36 പേർക്കാണ് അവസരം. ജനുവരി 4നും 23നും ​രണ്ട് ട്രിപ്പുകൾ കൂടി ക്രമീകരിച്ചിട്ടുണ്ട്. സീറ്റുകൾ ഭൂരിഭാ​ഗവും ബുക്കിംഗായി. ഒരാൾക്ക് ടിക്കറ്റ് നിരക്ക് 1650 രൂപയാണ്. കോട്ടയം ഡിപ്പോയിൽ രാവിലെ 9 മുതൽ 5 വരെ നേരിട്ടെത്തി പണം അടച്ച് സീറ്റ് ബുക്ക് ചെയ്യാം.

എല്ലാ ട്രിപ്പും രാവിലെ 5.30ന് പുറപ്പെടും. രാത്രി 10 ന് തിരിച്ചെത്തും. ആങ്ങമൂഴി മുതൽ വള്ളക്കടവ് വരെ 60 കിലോമീറ്റർ പൂർണമായും കാട്ടിലൂടെയാണ് യാത്ര. ഘോരവനങ്ങൾ, പുൽമേടുകൾ, താഴ്‌വരകൾ, ഏലത്തോട്ടങ്ങൾ, മൂഴിയാർ, കക്കി, ആനത്തോട്, പമ്പ, മീനാർ കുള്ളാർ ഡാമുകൾ എന്നിവ ആസ്വദിച്ച് യാത്ര ചെയ്യാം. കൊച്ച് പമ്പയിലൂടെ ബോട്ടിംഗും ഉച്ചഭക്ഷണവും പാക്കേജിലുണ്ട്.

ശ്രദ്ധിക്കാൻ.

മദ്യം, മറ്റു ലഹരി വസ്തുക്കൾ എന്നിവയ്ക്ക് പൂർണ നിരോധനം. വന്യമൃഗങ്ങളെ ശല്യപ്പെടുത്താനോ ആഹാരം നൽകാനോ പാടില്ല. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വനത്തിലേക്ക് വലിച്ചെറിയരുത്. വനപാലകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.