
കാലങ്ങളായി അടുക്കള അടക്കി ഭരിക്കുന്ന ഒരു ഉൽപ്പന്നമുണ്ട്; പേര് വിം ഡിഷ് വാഷ് ബാർ. ദിവസത്തിലൊരിക്കലെങ്കിലും വിം പരസ്യം ടിവിയിൽ കാണാത്ത മലയാളികളും ചുരുക്കമായിരിക്കും. ഇപ്പോൾ വിം പുറത്തിറക്കിയ പുതിയൊരു ഉൽപ്പന്നത്തിനെ ചൊല്ലി ചില തർക്കങ്ങൾ ഉടലെടുത്തിരിക്കുകയാണ്. 'പുരുഷന്മാർക്ക് വേണ്ടി' എന്ന അവകാശവാദത്തോടെ ഇറക്കിയ ഡിഷ് വാഷ് ലിക്വിഡ് ആണ് വിവാദമായിരിക്കുന്നത്.
കറുത്ത ബോട്ടിലിൽ ഇറക്കിയ ലിക്വിഡിന്റെ പരസ്യത്തിൽ നടനും സൂപ്പർ മോഡലുമായ മിലിന്ദ് സോമൻ ആണ് അഭിനയിച്ചിരിക്കുന്നത്. ഇനി പുരുഷന്മാർക്ക് വീട്ടുജോലിയെ കുറിച്ച് കൂടുതൽ ആത്മപ്രശംസ നടത്താം, ധൈര്യമായി കറുത്ത വിം ഉപയോഗിച്ചോളൂ എന്നാണ് പരസ്യവാചകം. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യത്യസ്‌ത പ്രതികരണങ്ങൾ വന്നതോടെയാണ് വിവാദം തണുപ്പിക്കാൻ കമ്പനി തന്നെ രംഗത്തിറങ്ങിയത്.
പ്രിയപ്പെട്ട പുരുഷന്മാരേ...എന്ന് അഭിസംബോധന ചെയ‌്തുകൊണ്ടാണ് വിശദീകരണം. ഉൽപ്പന്നത്തിന്റെ ബ്ളാക്ക് കവറിനെ കുറിച്ച് തങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിലും വീട്ടിലെ ചെറുജോലികളെ വലിയ ഗൗരവമായി തന്നെ കാണുന്നുവെന്നാണ് കമ്പനിയുടെ വിശദീകരണത്തിൽ പറയുന്നത്. ഒരു പുരുഷനെയും അപമാനിക്കാൻ പരസ്യത്തിലൂടെ തങ്ങൾ ശ്രമിച്ചിട്ടില്ലെന്നും കമ്പനി പറയുന്നു. ബോട്ടിലിന്റെ നിറത്തിൽ മാത്രമേ വ്യത്യസ്തതയുള്ളൂ ,അകത്തെ ലിക്വിഡ് പഴയതു തന്നെന്നുമാണ് ഇൻസ്‌റ്റയിൽ പങ്കുവച്ച കുറിപ്പിലുള്ളത്.