silverline

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രം അനുമതി തന്നേ മതിയാവൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. പദ്ധതിക്കുവേണ്ടി തയ്യാറാക്കിയ ഡി പി ആർ അപൂർണമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടില്ലെന്നും പ്രാഥമിക പ്രവർത്തനത്തിന് പണം ചെലവഴിച്ചത് നിയമപരമായി തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിക്ക് വളരെവേഗം തന്നെ കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുൻകൂർ നടപടികൾ സ്വീകരിച്ചത്. നിലവിൽ നടക്കുന്നത് പഠനമാണ്. പദ്ധതിക്കെതിരെ രാഷ്ട്രീയ നീക്കം നടക്കുന്നുണ്ട്. ഇതിൽ കേന്ദ്ര ഭരണ കക്ഷിയും ഉണ്ട്. കേന്ദ്ര അനുമതി തത്വത്തിൽ ലഭിച്ചപ്പോഴാണ് നടപടികൾ ത്വരിതപ്പെടുത്തിയത്.ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഉത്തരവുകൾ റദ്ദാക്കില്ല. ആരുട‌േയും സ്ഥലം ഏറ്റെടുത്തിട്ടില്ല, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഉത്തരവുകളും പ്രതിഷേധക്കാർക്ക് എതിരായ കേസുകളും പിൻവലിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ അഭിമാനപദ്ധതിയെന്ന് വിശേഷിപ്പിച്ചിരുന്ന സിൽവർലൈൻ പദ്ധതിയിൽ നിന്ന് സർക്കാർ യു ടേൺ അടിച്ചത് കഴിഞ്ഞമാസം അവസാനമാണ്. പദ്ധതികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർണമായി മരവിപ്പിച്ചുകൊണ്ട് റവന്യൂ വകുപ്പ് ഉത്തരവിറക്കിയതിനൊപ്പം ഭൂമിയേറ്റെടുക്കാനായി നിയാേഗിച്ചിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും മടക്കി വിളിക്കുകയും ചെയ്തിരുന്നു. കേന്ദ്ര റെയിൽവേ ബോർഡിന്റെ അന്തിമ അനുമതി ലഭിച്ചശേഷം മതി തുടർ നടപടികൾ എന്നാണ് റവന്യൂ വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തതും പ്രതിഷേധം ശക്തമായതുമാണ് യു ടേൺ അടിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.