
ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ് . മദ്ധ്യപ്രദേശിലെ മുൻ മന്ത്രിയും പ്രമുഖ നേതാവുമായ രാജാ പടേരിയയാണ് മോദിക്കെതിരെ വിവാദ പരാമർശം നടത്തിയത്. സമൂഹത്തിൽ നിന്ന് തിന്മ നീക്കംചെയ്യുന്നതിനുവേണ്ടി ആവശ്യമെങ്കിൽ മോദിയെ കൊല്ലാനാണ് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെടുന്നത്. മോദി തിരഞ്ഞെടുപ്പ് അവസാനിപ്പിക്കുമെന്നും മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുമെന്നും ദളിതർ അദ്ദേഹത്തിന്റെ ഭരണത്തിൽ കീഴിൽ ഏറ്റവും വലിയ ഭീഷണി നേരിടുന്നുണ്ടെന്നും രാജാ പടേരിയ പറഞ്ഞു.
ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. ഇതോടെ വിശദീകരണവുമായി പടേരിയ രംഗത്തെത്തി. താൻ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും മോദിയെ കൊല്ലാൻ തയ്യാറാവണം എന്നതിലൂടെ താൻ ഉദ്ദേശിച്ചത് അദ്ദേഹത്തെ തോൽപ്പിക്കുകയായിരുന്നു എന്നുമാണ് വിശദീകരണത്തിൽ വ്യക്തമാക്കിയത്. "ഞാൻ ഗാന്ധിയിൽ വിശ്വസിക്കുന്ന ആളാണ്, എനിക്ക് ഇങ്ങനെ സംസാരിക്കാൻ കഴിയില്ല. ഭരണഘടനയെ രക്ഷിക്കാൻ മോദിയെ പരാജയപ്പെടുത്തേണ്ട രാഷ്ട്രീയ അന്തരീക്ഷമാണ് ഞാൻ ഉദ്ദേശിച്ചത്. ന്യൂനപക്ഷങ്ങളെയും ദളിതരെയും ആദിവാസികളെയും സംരക്ഷിക്കാനും തൊഴിലില്ലായ്മ ഇല്ലാതാക്കാനും മോദിയെ പരാജയപ്പെടുത്തേണ്ടത് ആവശ്യമാണ്. 'മോദിയുടെ കൊലപാതകം' സംബന്ധിച്ച എന്റെ ഉദ്ദേശ്യം പൂർണ്ണമായും തെറ്റായി ചിത്രീകരിച്ചിരിക്കുന്നു-" അദ്ദേഹം വ്യക്തമാക്കി.
വിവാദ പ്രസ്താവനയിൽ പടേരിയയ്ക്കെതിരെ എഫ് ഐ ആർ ഫയൽ ചെയ്യാൻ മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഉത്തരവിട്ടിട്ടുണ്ട്. പട്ടേരിയയ്ക്കും കോൺഗ്രസിനും എതിരെ രൂക്ഷ വിമർശനമാണ് നരോത്തം മിശ്ര ഉയർത്തിയത്. "പട്ടേരിയയുടെ പ്രസ്താവനകൾ ഞാൻ കേട്ടു, ഇത് മഹാത്മാഗാന്ധിയുടെ കോൺഗ്രസല്ലെന്ന് വ്യക്തമാണ്, ഇത് ഇറ്റലിയിലെ കോൺഗ്രസാണ്, ഇറ്റലിയുടെ മാനസികാവസ്ഥ മുസോളിനിയുടേതാണ് എന്നായിരുന്നു മിശ്ര പറഞ്ഞത്.