
തൃശൂർ: വൈദ്യുതി ബിൽ അടയ്ക്കാത്തതിന് കെ എസ് ആർ ടി സി ജീവനക്കാരന്റെ ഫ്യൂസ് ഊരി കെ എസ് ഇ ബി. എന്നാൽ ശമ്പളം കിട്ടാത്തതുമൂലമാണ് ബിൽ അടയ്ക്കാത്തതെന്ന് അറിഞ്ഞതോടെ കെ എസ് ഇ ബി ഉദ്യോഗസ്ഥർ തന്നെ ബിൽ അടച്ച് ഫ്യൂസ് തിരികെ സ്ഥാപിച്ചു.
കെ എസ് ആർ ടി സി ബസ് ഡ്രൈവറായ തൃശൂർ മനക്കൊടി സ്വദേശിയായ വി ജി സുശീലന്റെ വീട്ടിലെ ഫ്യൂസാണ് കെ എസ് ഇ ബി ഉദ്യോഗസ്ഥർ ഊരിയത്. ശമ്പളം ലഭിക്കാത്തതുകൊണ്ടാണ് ബിൽ അടയ്ക്കാത്തതെന്ന് അറിഞ്ഞതോടെ അരിമ്പൂർ കുന്നത്തങ്ങാടി കെ എസ് ഇ ബി ഓഫീസിലെ ജീവനക്കാർ പിരിവിട്ട് തുക സമാഹരിക്കുകയായിരുന്നു.
തുടർന്ന് കെ എസ് ഇ ബി ഉദ്യോഗസ്ഥർ സുശീലന്റെ വൈദ്യുതി ബിൽ അടയ്ക്കുകയായിരുന്നു. ഇതിനുപിന്നാലെ അഴിച്ചുമാറ്റിയ ഫ്യൂസും പുനസ്ഥാപിച്ചു. തന്നോട് കാണിച്ച സന്മനസിന് സുശീലൻ ഉദ്യോഗസ്ഥരോട് നന്ദി പറഞ്ഞു.