സാർ മരിച്ച ദിവസം നാടിന്റെ ഒരുപാട് സ്ഥലങ്ങളിൽ നിന്നും ഏറെ ആളുകളെത്തി. ആൾക്കൂട്ടത്തിനിടയിൽ വിഷണ്ണനായി ഒരാൾ ഇരിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു.... പിണറായി വിജയൻ. ശരിക്കും ഞാൻ ഞെട്ടി. പിണറായി വിജയൻ എന്ന രാഷ്ട്രീയ അതികായൻ അപ്പൻ സാറിന്റെ ആരാകും ?

എന്റെ മൂത്ത മകൾ ചാരുതയെ പ്രസവിച്ച് ഭാര്യ ഉഷ കൊല്ലം നായേഴ്സ് ഹോസ്പിറ്റലിൽ കിടക്കുന്നു. ആശുപത്രി മണത്തിന്റെ മുഷിപ്പിൽ നിന്നും രക്ഷപ്പെടാനായി ഞാനൊരു വൈകുന്നേരം കടപ്പാക്കടയിലേക്ക് ഇറങ്ങി നടന്നു. മടങ്ങി വരുമ്പോൾ ഭാര്യ എന്നോട് പറഞ്ഞു. 'അപ്പൻ സാർ വന്നിരുന്നു. സാറും ഭാര്യയും കൂടിയാണ് വന്നത്." അവർ കൊണ്ടുവന്ന സോപ്പും പൗഡറുമൊക്കെയെന്ന് പറഞ്ഞ് ഒരു സമ്മാനപ്പൊതി അവൾ കാണിച്ചുതന്നു. എനിക്ക് വിശ്വസിക്കാനായില്ല. ആധുനിക സാഹിത്യത്തിന്റെ ക്ഷോഭിക്കുന്ന സുവിശേഷം പറയുന്ന ആൾ സോപ്പും ചീപ്പുമായി പ്രസവിച്ച് കിടക്കുന്ന സ്ത്രീയെയും കുഞ്ഞിനെയും കാണാൻ പോവുകയോ ? ഞാൻ വിശ്വസിച്ചില്ല.
'നിനക്ക് ആള് തെറ്റിയതാകും. അപ്പൻ സാർ ആയിരിക്കില്ല അത്." ഞാൻ ഭാര്യയോട് പറഞ്ഞു. ഞാൻ ഫോട്ടോയിൽ കണ്ടിട്ടുണ്ടല്ലോ ? അത് അപ്പൻ സാർ തന്നെയാ… ഭാര്യ തറപ്പിച്ചു പറഞ്ഞു. ആ വാക്കുകൾ വിശ്വസിക്കാനാകാതെ ഞാൻ പുറത്തേയ്ക്ക് ഇറങ്ങി. അടുത്തുള്ള ഒരു കടയിലെ ലാൻഡ്ഫോണിൽ നിന്നും ഞാൻ അപ്പൻ സാറിനെ വിളിച്ചു.
സാർ ഇവിടെ വന്നിരുന്നോ ?
ങാ, ശ്രീകണ്ഠൻ എവിടെ പോയിരുന്നു ?
സാർ...ഞാൻ ഇത് പ്രതീക്ഷിച്ചില്ല.
അതെന്താ ? ശ്രീകണ്ഠൻ എനിക്കിഷ്ടപ്പെട്ട ആളല്ലേ ?
പിന്നെയും സാറിന്റെ സ്നേഹം പിടയ്ക്കുന്ന വാക്കുകൾ...എന്റെ കണ്ണുകൾ നിറഞ്ഞു പോകാതിരിക്കാൻ ഞാൻ പണിപ്പെട്ടു.
സാർ ആർ.സി.സി.യിൽ രോഗിയായി കിടക്കുമ്പോൾ ഞാൻ ഭാര്യയേയും കൂട്ടി കാണാൻ ചെന്നു. ആളിനെ കണ്ടപ്പോൾ തകർന്നുപോയി. കൊല്ലം എസ്.എൻ കോളേജ് കാമ്പസിൽ ഗ്ലാമർ താരമായി വിലസിയ എന്റെ അപ്പൻ സാർ ശോഷിച്ച് കോലം കെട്ട് കിടക്കുന്നു. കണ്ണുകളിൽ മാത്രം ഇപ്പോഴും ആ പഴയ തിളക്കം ബാക്കിയുണ്ട്. ഞാൻ സാറിന്റെ കൈകളിൽ പിടിച്ചു. കൈകൾക്ക് വല്ലാത്ത തണുപ്പ്. സാറും എന്റെ കൈയിൽ പിടിച്ച് എന്തോ പറയാൻ ശ്രമിച്ചു. പിന്നീട് എന്റെ മുഖം കാണാതിരിക്കാൻ തിരിഞ്ഞു കിടന്നു. അപ്പോഴും എന്റെ കൈയിലെ പിടി വിട്ടിരുന്നില്ല. പെട്ടെന്ന് മുഖം തിരിച്ച് എന്നോട് പറഞ്ഞു.
'ഉച്ചയ്ക്ക് ബേബി (എം.എ. ബേബി) വന്നിരുന്നു. ശ്രീകണ്ഠൻ പൊയ്ക്കോ."
എനിക്കൊന്നും മനസിലായില്ല. പിന്നീടാണ് സാർ അത് പറഞ്ഞത്.
'വേദന എനിക്ക് താങ്ങാൻ പറ്റുന്നില്ല. നിങ്ങളിങ്ങനെ നിൽക്കുമ്പോൾ എനിക്കൊന്ന് ഉറക്കെ കരയാൻ പോലും പറ്റുന്നില്ല. ശ്രീകണ്ഠൻ പൊയ്ക്കോ." ഞാൻ പിന്നെയും കുറച്ച് നേരം അവിടെ പിടിച്ചുനിന്നു. അതിനിടയിൽ എപ്പോഴോ, സാർ പറഞ്ഞു.
'ഇന്നലെ വേദന കലശലായിരുന്നു. ഉറക്കം വരാതെ കിടന്നപ്പോൾ ശ്രീകണ്ഠന്റെ മകൾ ചാരുവിനെ കുറിച്ച് ഓർത്തു. അവളായിരുന്നു ഇന്നലെ എന്റെ ചിന്ത നിറയെ."
21 കൊല്ലം മുൻപ് നായേഴ്സ് ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെ, ആർ.സി.സി.യിൽ കിടക്കുന്ന അവസ്ഥയിലും ഓർത്തുപോയെന്ന് പറയുന്നു. എനിക്ക് വിശ്വസിക്കാനായില്ല.
'അവളെ ഓർത്ത് കിടന്നപ്പോൾ എനിക്ക് വല്ലാത്തൊരു ശാന്തിയും സമാധാനവും കിട്ടിയതുപോലെ. വേദനയും ഇത്തിരി കുറഞ്ഞു" അവിശ്വസനീയമായ സാറിന്റെ വാക്കുകൾ... നമ്മുടെ മനുഷ്യജീവിത്തിൽ വിചിത്രമായ എന്തെല്ലാം കാര്യങ്ങൾ സംഭവിക്കും എന്നെനിക്ക് അന്ന് ബോധ്യപ്പെട്ടു. പിറ്റേന്ന് ചാരു മോളെയും കൂട്ടി ഞാൻ ആർ.സി.സി.യിൽ ചെന്നു. അവളെ കണ്ടപ്പോൾ സാറിന് എന്തെന്നില്ലാത്ത സന്തോഷം. അവളുടെ കണ്ണുകളിൽ ഞാൻ നോക്കി. ചാരുവിന്റെ കൈകളിൽ അദ്ദേഹം തലോടിക്കൊണ്ടിരുന്നു. എപ്പോഴോ അവളുടെ മുടിയിഴകളിൽ ഒന്ന് തൊട്ടുതലോടി..ഒരനുഗ്രഹം പോലെ. ചാരു ഒന്നും സംസാരിച്ചില്ല. സാർ അവളെ സ്വപ്നം കണ്ടതൊക്കെ അവളോട് പറയുന്നുണ്ടായിരുന്നു. 'എല്ലാം സുഖപ്പെട്ട് കൊല്ലത്തെ വീട്ടിലേക്ക് പോകും. തിരിച്ചെത്തുമ്പോൾ ഞാൻ സുപ്രീം ബേക്കറിയിൽ നിന്നും നല്ല കേക്ക് വാങ്ങിച്ചുതരും. വീട്ടിൽ വരണം"
ആർ.സി.സി.യിലെ സാറിന്റെ ലോകം സന്ദർശകരുടെ കണ്ണ് നനയിച്ചു. അവിടെ ഓമന ടീച്ചറും മക്കളും കഴിഞ്ഞാൽ എല്ലാത്തിനും ഓടി നടക്കാൻ നാസറുണ്ടായിരുന്നു. അപ്പൻ സാറിന്റെ മനസ് ഇത്രയും വായിച്ചറിഞ്ഞ മറ്റൊരാളുണ്ടായിട്ടില്ല...
ആശുപത്രി കിടക്കയിൽ സാറിന് ഏറ്റവും ഇഷ്ടപ്പെട്ട കപ്പയും മീൻകറിയും വച്ച് എന്റെ ഭാര്യ ഓരോ ദിവസവും അവിടെ കടന്നുചെന്നു. അതൊക്കെ സാർ ആസ്വദിച്ച് കഴിച്ചത് ഉഷയ്ക്ക് സന്തോഷമായി. സാർ ആർ.സി.സി.യിൽ നിന്നും വീട്ടിലേക്ക് മടങ്ങി. രോഗം തെല്ലൊന്ന് ശമിച്ചുവെന്ന് ഞാൻ കരുതി. പക്ഷേ കാൻസർ പരാജയപ്പെടാൻ തയ്യാറായില്ല. വളരെ വൈകാതെ ആ വാർത്ത വന്നു. കൊല്ലത്തെ ഒരു സുഹൃത്താണ് നടുക്കമുണ്ടാക്കിയ ആ സത്യം എന്നോട് പറഞ്ഞത്. അപ്പൻ സാർ മരിച്ചു.ഒരിക്കലെങ്കിലും സാറിനെ കണ്ടിട്ടുള്ളവർക്ക് താങ്ങാൻ കഴിയാത്ത വാർത്തയായിരുന്നു അത്. എന്നും ഒരു മകനെ പോലെയായിരുന്നു ഞാൻ സാറിന്. എന്നെ പോലെ എത്രയോ പേരുടെ ജീവിതം മാറ്റിമറിച്ച സ്നേഹ വാത്സല്യമായിരുന്നു അപ്പൻ സാർ.
സാർ മരിച്ച ദിവസം നാടിന്റെ ഒരുപാട് സ്ഥലങ്ങളിൽ നിന്നും ഏറെ ആളുകളെത്തി. ആൾക്കൂട്ടത്തിനിടയിൽ വിഷണ്ണനായി ഒരാൾ ഇരിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു.... പിണറായി വിജയൻ. ശരിക്കും ഞാൻ ഞെട്ടി. പിണറായി വിജയൻ എന്ന രാഷ്ട്രീയ അതികായൻ അപ്പൻ സാറിന്റെ ആരാകും ? ആകാംക്ഷയോടെ ഞാൻ വിജയേട്ടന്റെ അടുത്ത് പോയി ഇരുന്നു.
'വിജയേട്ടന് അപ്പൻ സാറുമായി അടുപ്പം ഉണ്ടായിരുന്നോ ?"
ഞാൻ ചോദിച്ചു.
'ഞങ്ങൾ മിക്കവാറും രാത്രിയിൽ സംസാരിക്കാറുണ്ടായിരുന്നു. പരിസ്ഥിതി പ്രശ്നങ്ങളാണ് കൂടുതൽ സംസാരിക്കുക. ചിലപ്പോഴൊക്കെ സാഹിത്യവും അപൂർവമായി രാഷ്ട്രീയവും." എനിക്ക് ശരിക്കും അത്ഭുതമായി. വിജയേട്ടനുമായി ഇത്രയധികം ചങ്ങാത്തം സൂക്ഷിച്ചിരുന്ന കാര്യം ഒരിക്കൽ പോലും സാർ എന്നോട് പറഞ്ഞിട്ടില്ല. 'ഞാൻ മാത്രമല്ല വി.എസും. അപ്പനുമായി അടുപ്പമുള്ള ആളായിരുന്നു. കെ.പി അപ്പൻ മനസിൽ എത്ര നന്മയുള്ള ആളായിരുന്നു" വിജയേട്ടൻ പറഞ്ഞു നിർത്തി. കുറേ നേരം അവിടെ ചെലവഴിച്ചിട്ടാണ് വിജയേട്ടൻ പോയത്.
എല്ലാവർക്കും അവരുടെ ഒരു കൂടപിറപ്പ് നഷ്ടപ്പെട്ട ഒരു അനുഭവമായിരുന്നു അന്ന്. അപ്പൻ സാറിന്റെ മഹാമനസ്കത കാരണം ഓരോരുത്തർക്കും അവരോടാണ് സാറിന് ഏറ്റവും കൂടുതൽ അടുപ്പവും സ്നേഹവുമുണ്ടെന്നു തോന്നിപ്പോകും. അതായിരുന്നു കെ.പി അപ്പൻ മാജിക്ക്.
മരണത്തിന്റെ അഞ്ചാം ദിനം കർമങ്ങളൊക്കെ കഴിഞ്ഞ് വീട്ടിൽ നിന്നും ആളുകൾ ഒഴിഞ്ഞു തുടങ്ങി. പെട്ടെന്ന് സാറിന്റെ ഇളയ മകൻ കാറിന്റെ കീ തപ്പുന്നത് കണ്ടു. പുറത്തേക്ക് പോകാൻ തുടങ്ങുകയാണ്.
'എന്തെങ്കിലും വാങ്ങാനാണെങ്കിൽ ഞാൻ പോയി വരാം"ഞാൻ പറഞ്ഞു. 'സുപ്രീം ബേക്കറി വരെ പോകണം. അച്ഛൻ മരിക്കുന്നതിന് മുൻപ് ഒരു കാര്യം ഏൽപ്പിച്ചിരുന്നു. ചാരുത വരുമ്പോൾ അവൾക്ക് കേക്ക് വാങ്ങിച്ചു കൊടുക്കണമെന്ന്. ആർ.സി.സി.യിൽ വച്ച് അവളോട് പറഞ്ഞിട്ടുള്ള കാര്യമാണെന്ന്." എന്റെ കണ്ണ് നിറഞ്ഞുപോയി... എനിക്ക് പിന്നേയും അപ്പൻ സാറിനെ പിടികിട്ടുന്നില്ല. എനിക്ക് മാത്രമല്ല ആയിരക്കണക്കിന് ശിഷ്യഗണങ്ങൾക്കും സ്നേഹസാഗരമായിരുന്നു അപ്പൻ സാർ.ആശങ്കയുടെ ഇടവഴിയിൽ ഇരുട്ട് പരക്കാൻ തുടങ്ങിയാൽ അപ്പൻ സാറിന്റെ വെളിച്ചം വിതറുന്ന ഉപദേശങ്ങൾ എനിക്ക് കൂട്ടാകും. വീണു പോകാതിരിക്കാൻ എപ്പോഴും ജീവിതത്തിന്റെ ഊന്നുവടിയാണ് സാറിന്റെ വാത്സല്യം. ആത്മാവിൽ കത്തുന്ന ചിതയിലെ അണയാത്ത സ്നേഹ വെളിച്ചമാണ് എന്നും എനിക്ക് അപ്പൻ സാർ
.(അവസാനിച്ചു)
(ഫ്ളവേഴ്സ് ടി.വി മാനേജിംഗ് ഡയറക്ടറും
24 ന്യൂസ് ചാനലിന്റെ ചീഫ് എഡിറ്ററുമാണ് ലേഖകൻ )