
അവശ്യ സർവീസുകളിൽ പണിമുടക്ക് പാടില്ലെന്ന് സർക്കാർ പറയുന്നത് സർവീസിന്റെ പ്രാധാന്യം കണക്കിലെടുത്താണ്. ഏതുരീതിയിൽ നോക്കിയാലും ഫയർഫോഴ്സ് അവശ്യ സർവീസാണ്. തീപിടിക്കുമ്പോൾ അണയ്ക്കാൻ മാത്രമല്ല അവർ ഒാടിയെത്തുന്നത്. കുട്ടികളുടെ വിരലിൽ കുടുങ്ങിയ മോതിരം എടുക്കാനും കിണറ്റിലും മറ്റും വീണ് അപകടത്തിലാവുന്ന മൃഗങ്ങളെ രക്ഷിക്കാനും ഒാടിയെത്തി അവർ സ്തുത്യർഹമായ സേവനം നടത്താറുണ്ട്. പലകാര്യത്തിലും പൊലീസിനെ കുറ്റം പറയുന്നവർ പോലും ഫയർഫോഴ്സിനെക്കുറിച്ച് ഒരുവാക്കും മോശമായി പറയേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. ഇതെല്ലാം വ്യക്തമാക്കുന്നത് മറ്റ് സർവീസുകൾ പോലെയല്ല ഫയർഫോഴ്സ് എന്നാണ് . വിളിച്ചാൽ വിളിപ്പുറത്തുനിന്ന് ഒാടിയെത്തുന്നവർ.
ഇനി ഫയർ ഫോഴ്സിനെ വിളിക്കുന്നവർ ഒരു കാനിൽ പെട്രോൾ നിറച്ച് ഫയർഫോഴ്സ് വണ്ടി കിടക്കുന്നിടത്ത് എത്തിച്ചാൽ മാത്രമേ അവർക്ക് വരാൻ പറ്റൂ. കാരണം അവർക്കു പെട്രോൾ അലവൻസിനുള്ള പണം ധനവകുപ്പ് തടഞ്ഞുവച്ചിരിക്കുകയാണ്. നാട് കത്തിയാലും ഫയർ ഫോഴ്സ് വന്നില്ലെങ്കിൽ ധനവകുപ്പിലെ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കൾക്ക് പ്രശ്നമൊന്നുമില്ലല്ലോ. ഒരു കോടിയിലേറെ തുക കുടിശ്ശിക ആയതിനാൽ സ്വകാര്യ പമ്പുകൾ ഫയർഫോഴ്സിന് ഇന്ധനം നൽകുന്നതു നിറുത്തിയെന്ന വാർത്തയാണ് ഞങ്ങൾ ഇന്നലെ മെയിൻ സ്റ്റോറിയായി നൽകിയിരിക്കുന്നത്. അതിനാൽ അടിയന്തരഘട്ടങ്ങളിൽ പോലും എത്താൻ കഴിയാതെ ഫയർഫോഴ്സ് വാഹനങ്ങൾ കട്ടപ്പുറത്തായെന്നാണ് വാർത്ത. എത്ര സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും ഇത്തരം സർവീസുകൾക്കുള്ള പണം നൽകാതിരിക്കുന്നത് ഒരു കാരണവശാലും നീതീകരിക്കാനാവില്ല. ശമ്പളം മുടങ്ങാതെ നൽകാൻ കാണിക്കുന്ന താത്പര്യം ഇക്കാര്യത്തിലും ഉണ്ടാകേണ്ടതാണ്. ആറുമാസത്തെ കുടിശ്ശികയാണ് ഒരു കോടി രൂപ. പല തവണ ഫയർഫോഴ്സ് ആസ്ഥാനത്തുനിന്ന് കത്ത് നൽകിയെങ്കിലും ധനവകുപ്പ് ഇതുവരെ അനുകൂല തീരുമാനമെടുത്തിട്ടില്ല. അടിയന്തരമായി പണം അനുവദിച്ചില്ലെങ്കിൽ ഇൗ ആഴ്ചയോടെ വാഹന ഒാട്ടം പൂർണമായി നിലയ്ക്കും. ഇന്ധനം നിറയ്ക്കാനാകാത്തതിനാൽ ഇപ്പോൾ ഒഴിവാക്കാനാകാത്ത കേസുകൾ മാത്രമാണ് അറ്റൻഡ് ചെയ്യുന്നത്. അടിയന്തര സാഹചര്യങ്ങൾക്കായി കരുതിവച്ചിരിക്കുന്ന ഇന്ധനമാണ് കഴിഞ്ഞ ദിവസങ്ങളിൽ മിക്ക ഇടങ്ങളിലും ഉപയോഗിച്ചത്. അതും എല്ലായിടത്തും ഏതാണ്ട് തീർന്നിരിക്കുകയാണ്. 129 ഫയർ സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. സ്വകാര്യപമ്പുകളിൽ നിന്നാണ് വാഹനങ്ങൾ ഇന്ധനം നിറച്ചുകൊണ്ടിരുന്നത്. ഒാരോ മാസത്തെയും ഇന്ധന ബിൽത്തുക കൃത്യമായി ധനവകുപ്പ് നൽകിക്കൊണ്ടിരുന്നതാണ്. കഴിഞ്ഞ ജനുവരിക്ക് ശേഷം അത് രണ്ടുമാസം കൂടുമ്പോൾ നൽകുന്ന രീതിയിലേക്ക് മാറ്റി. അതും പൂർണമായി നൽകിയിരുന്നില്ല. അതോടെയാണ് കുടിശ്ശിക ഒരുകോടിയിലേറെയായത്.
ഒരുകോടി എന്നത് ഒരു സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ തുകയേ അല്ല. ഇത് തടയുന്നതിലൂടെ ജനങ്ങളോടുള്ള ഉത്തവാദിത്വത്തിൽ നിന്നാണ് സർക്കാർ പിന്നോട്ട് പോകുന്നത്. മന്ത്രിമാർക്കാണ് ജനങ്ങളുടെ മാനസികനില അറിയാൻ കഴിയുന്നത്. അതിനാൽ ഇത്തരം തീരുമാനങ്ങൾ ഉദ്യോഗസ്ഥതലത്തിൽ മാത്രം കെെക്കൊള്ളുന്നതും തടയപ്പെടേണ്ടതാണ്. ഫയർഫോഴ്സ് വാഹനങ്ങൾക്ക് ഫ്രീയായി ഇന്ധനം നൽകേണ്ടത് സ്വകാര്യ പമ്പുകളുടെ ചുമതലയല്ലെന്ന് ധനവകുപ്പ് മന്ത്രിയും തിരിച്ചറിയണം.