
തിരുവനന്തപുരം: ക്രിസ്‌തുമസ് വിരുന്നിനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷണം സർക്കാർ നിരസിച്ചു. മുഖ്യമന്ത്രി പിണറായി വിജയനോ മന്ത്രിമാരോ വിരുന്നിൽ പങ്കെടുക്കില്ല. ഇതിന്റെ കാരണം സർക്കാർ വ്യക്തമാക്കിയിട്ടില്ല.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഗവർണറുടെ വിരുന്നിൽ പങ്കെടുക്കില്ലെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് നാളെ ഡൽഹിയ്ക്ക് പോകുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ബുധനാഴ്ച വൈകിട്ടാണ് രാജ്ഭവനിൽ ക്രിസ്‌തുമസ് ആഘോഷവും വിരുന്നും നടക്കുന്നത്.
സർക്കാരുമായുള്ള പോര് തുടരുന്നതിനിടയിൽ, കഴിഞ്ഞ ദിവസമാണ് ഗവർണർ രാജ്ഭവനിൽ നടക്കുന്ന ക്രിസ്‌തുമസ് വിരുന്നിലേക്ക് സർക്കാരിനെ ക്ഷണിച്ചത്. മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാർ, മതനേതാക്കൾ എന്നിവരെയാണ് ക്ഷണിച്ചിരുന്നത്.
തിരുവനന്തപുരത്ത് ഈ വർഷം നടന്ന സർക്കാരിന്റെ ഓണാഘോഷ സമാപന പരിപാടിയിൽ ഗവർണറെ ക്ഷണിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ നിന്നെല്ലാം ഗവർണർ വിട്ടുനിൽക്കുകയായിരുന്നു.