
വിചിത്രങ്ങളായ വാർത്തകൾക്ക് പഞ്ഞമൊട്ടുമില്ലാത്ത നാടാണ് ചൈന. അത്തരത്തിലൊന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇന്നത്തെ ചർച്ച. ഭക്ഷണം കഴിക്കുന്നതിനിടെ ചെറുതായൊന്ന് ചുമച്ച യുവതിയുടെ വാരിയെല്ലുകൾ ഒടിഞ്ഞു നുറുങ്ങിയതാണ് വാർത്ത. ഹുവാങ് എന്നാണ് യുവതിയുടെ പേര്. സ്നാക്ക്‌സ് കഴിക്കുന്നതിനിടെ നിറുത്താതെ ചുമ അനുഭവപ്പെട്ട ഹുവാങിന് പെട്ടെന്ന് വല്ലാത്തൊരു ശബ്‌ദം കേൾക്കാൻ സാധിച്ചു. തുടർന്ന് അസഹ്യമായ വേദനയും അനുഭവപ്പെട്ടു.
എന്നാൽ അന്നത് കാര്യമാക്കാതെയിരുന്ന ഹുവാങ് പിന്നീടുള്ള ദിവസങ്ങളിൽ ശ്വസിക്കാൻ പോലും കഴിയാത്ത അവസ്ഥയായി. അങ്ങനെയാണ് ഡോക്‌ടറെ സമീപിച്ചത്. സി.ടി സ്കാനിലാണ് വാരിയെല്ല് ഒടിഞ്ഞതായി കണ്ടെത്തിയത്. കാര്യം മനസിലായതോടെ ഹുവാങ് മാത്രമല്ല ഡോക്‌ടറും അന്തംവിടുകയായിരുന്നു.
വളരെ കുറഞ്ഞ ശരീരഭാരമുള്ള ഹുവാങിന്റെ ശരീരപ്രകൃതി തന്നെയാണ് അപകടത്തിന് കാരണമെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. 171 സെന്റിമീറ്റർ പൊക്കമുള്ള യുവതിക്ക് 57 കിലോഗ്രാം മാത്രമാണ് ഭാരമുള്ളത്. വാരിയെല്ലുകൾ തൊലിപ്പുറത്ത് കാണാവുന്ന ശാരീരികാവസ്ഥയുള്ളയാളാണ് ഹുവാങ്. എല്ലിനെ സംരക്ഷിക്കുന്ന തരത്തിൽ പേശികൾ അവർക്കില്ല. അതുകൊണ്ടുതന്നെ എല്ലു പൊട്ടാൻ സാദ്ധ്യത വളരെയേറെയാണെന്നാണ് ഡോക്‌ടർമാരുടെ അനുമാനം.