
അഹമ്മദാബാദ്: ഗുജറാത്തിലെ പതിനെട്ടാമത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ ആചാര്യ ദേവവ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു. കനുഭായ് ദേശായി, റുഷികേശ് പട്ടേൽ, രാഘവ്ജി പട്ടേൽ, ബൽവന്ത്സിംഗ് രാജ്പുത് എന്നിവരും ഭൂപേന്ദ്ര പട്ടേലിനൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
ഗാന്ധിനഗറിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവരും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കുത്തു. ഇവർക്കൊപ്പം ബി ജെ പി നേതാക്കളും ക്ഷണിക്കപ്പെട്ട ഇരുന്നൂറോളം സന്ന്യാസികളും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. എല്ലാ സമുദായങ്ങളിൽപ്പെട്ട ആളുകളും സദസിലുണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ നേരത്തേ അറിയിച്ചു.
തുടർച്ചയായ രണ്ടാം തവണയാണ് ഭൂപേന്ദ്ര പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്.അഹമ്മദാബാദിലെ ഗട്ടോൽദിയ നിയോജക മണ്ഡലത്തിൽ നിന്ന് 1.92 ലക്ഷം വോട്ടുകൾക്കാണ് ഭൂപേന്ദ്ര പട്ടേൽ വിജയിച്ചത്. പുതിയ സർക്കാർ രൂപീകരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം നേരത്തെ മുഖ്യമന്ത്രി പദം രാജി വച്ചിരുന്നു. 182 അംഗ നിയമസഭയിൽ 156 സീറ്റുകൾ നേടിയാണ് ബി ജെ പി ഗുജറാത്തിൽ ചരിത്ര വിജയം നേടിയത്.