
തിരുവനന്തപുരം: തുറമുഖത്തിനെതിരായ സമരത്തോടനുബന്ധിച്ച് വിഴിഞ്ഞത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്ക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കില്ലെന്ന് വ്യക്തമാക്കി സർക്കാർ. നിയമസഭയിൽ അനൂപ് ജേക്കബ് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. ഹൈക്കോടതി വിധി ലംഘിച്ചാണ് സമരം നടത്തിയത്. അതിനാൽ നിയമാനുസൃതമായാണ് പൊലീസ് നടപടി എടുത്തത്. ക്രമസമാധാന ലംഘനമുണ്ടായ കേസിൽ തുടർ നടപടികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുറമുഖ നിർമ്മാണത്തിനെതിരായ സമരത്തിനിടെയാണ് വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷൻ ആക്രമിക്കുന്നതടക്കമുള്ള സംഭവങ്ങളുണ്ടായത്. സ്റ്റേഷൻ അടിച്ചുതകർത്ത സംഭവത്തിൽ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഗൂഢാലോചന കുറ്റത്തിനാണ് കേസ്. സംഘർഷ സ്ഥലത്ത് ഉണ്ടായിരുന്ന വികാരി ജനറൽ ഫാദർ യൂജിൻ പെരേര അടക്കമുള്ള വൈദികർക്കെതിരെ വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്. പദ്ധതി പ്രദേശത്തെ സമരപ്പന്തിലേക്ക് സംഘടിച്ചെത്തി സംഘർഷമുണ്ടാക്കിയ കണ്ടാലറിയുന്ന നൂറിലധികം പേരും പ്രതികളാണ്.
ആക്രമണത്തിൽ പൊലീസുകാരുൾപ്പടെ നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടവുമുണ്ടായിട്ടുണ്ട്. കഴിഞ്ഞയാഴ്ച നടത്തിയ ഒത്തുതീർപ്പുചർച്ചയ്ക്കൊടുവിൽ സമരം പിൻവലിക്കുകയായിരുന്നു. അതോടെ നിർമ്മാണത്തിന്റെ വേഗം കാര്യമായി കൂടിയിട്ടുണ്ട്.