rajnikanth

സൂപ്പർ സ്‌റ്റാർ എന്ന വാക്കിന് പൂർണമൂല്യം കൊണ്ടുവന്ന ഒരേയൊരു നടനെ ലോകസിനിമയിൽ തന്നെയുള്ളൂ; രജനികാന്ത്. ഇന്ന് അദ്ദേഹത്തിന് 72 വയസ് തികഞ്ഞിരിക്കുന്നു. നടന വിസ്‌മയം എന്നൊന്നും രജനികാന്തിനെ വിശേഷിപ്പിക്കാൻ കഴിയില്ലെങ്കിലും, ഇന്ത്യൻ സിനിമയിൽ രജനികാന്തിനോളം താരാരാധാന സ്വന്തമാക്കിയിട്ടുള്ള മറ്റൊരു നടനും ഇല്ല എന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത.

എന്നാൽ ഒരിക്കൽ സിനിമ തന്നെ ഉപേക്ഷിക്കാം എന്ന തീരുമാനം രജനി എടുത്തിരുന്നു. തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങിയിട്ടെടുത്ത തീരുമാനമായിരുന്നില്ല അത്. പടയപ്പ എന്ന സൂപ്പർഹിറ്റ് ചിത്രം ആരാധകർക്ക് സമ്മാനിച്ചതിന് ശേഷമായിരുന്നു അഭിനയം നിറുത്താം എന്ന് രജനികാന്ത് തീരുമാനിച്ചത്. പക്ഷേ തുടർന്നും സിനിമാ ചെയ്യാൻ തലൈവരെ പ്രേരിപ്പിച്ചത് ആത്മീയ ഗുരുക്കളായിരുന്നു.

babaji-rajnikanth

ഗുരുവായ സച്ചിദാനന്ദൻ വിളിച്ചത് പ്രകാരം അമേരിക്കയിലെ ആശ്രമത്തിൽ ഒരു മാസത്തോളം രജനി താമസിച്ചു. ആ സമയം സിനിമയെല്ലാം പൂർണമായും അദ്ദേഹം ഉപേക്ഷിച്ചിരുന്നു. യാത്രാവേളയിൽ കൈയിൽ കരുതിയിരുന്നത് വർഷങ്ങൾക്ക് മുമ്പ് തന്റെ കൈയിൽ എത്തിയ യോഗിയുടെ ആത്മകഥ എന്ന പുസ്‌തമായിരുന്നു. പരമഹംസ യോഗാനന്ദന്റെ ആത്മകഥയായ ഒരു യോഗിയുടെ ആത്മകഥ. പുസ്‌തകത്തിൽ ന്നാണ് മഹാവതാരം ബാബാജിയെ കുറിച്ച് രജനി മനസിലാക്കുന്നതും തുടർന്നുണ്ടായ ചില അനുഭവങ്ങളിലൂടെ ബാബാജിയുടെ ശിഷ്യനായി മാറുന്നതും.

ബാബായിലൂടെ വീണ്ടും അഭിനയിക്കാമെന്ന് തീരുമാനിച്ച രജനി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയത്. എന്നാൽ തിയേറ്ററിൽ മാത്രമല്ല രജനികാന്തിന്റെ കരിയറിൽ പോലും ഏറ്റവും വലിയ പരാജയമായി. പക്ഷേ അവിടെ നിന്നും ചന്ദ്രമുഖി എന്ന സൂപ്പർഹിറ്റിലൂടെ തലൈവർ വൻ തിരിച്ചുവരവ് തന്നെ നടത്തി. അതിനും തന്നെ പ്രാപ്‌തനാക്കിയത് ബാബാജിയാണെന്ന് രജനി ഒരിക്കൽ പ്രതികരിച്ചിരുന്നു.

അഞ്ച് പരാജയങ്ങൾ സംഭവിക്കുമ്പോഴും ഒരൊറ്റ വിജയത്തിലൂടെ ഏവരെയും നിഷ്‌പ്രഭരാക്കി, ആരാലും അനുകരിക്കാൻ കഴിയാത്ത മാനറിസത്തിലൂടെ രജനി വിസ്‌മയം തുടരുകയാണ്. അദ്ദേഹത്തിന്റെ തന്നെ പഞ്ച് ഡയലോഗ് പോലെ പറഞ്ഞവസാനിപ്പിക്കാം. ''നാൻ എപ്പോ വറുവേൻ, എപ്പടി വറുവേന്ന് യാറുക്കും തെരിയാത്.''