
ദോഹ : അർജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ മോനുമെന്റൽ സ്റ്റേഡിയം പോലെയോ ലാ പ്ളാറ്റ സ്റ്റേഡിയം പോലെയോ മെസിക്കും സംഘത്തിനും പരിചിതമായിട്ടുണ്ടാവും ഇന്ന് ക്രൊയേഷ്യയ്ക്ക് എതിരായ സെമി ഫൈനലിന് ഇറങ്ങുന്ന ദോഹയിലെ ലുസൈൽ സ്റ്റേഡിയം. കാരണം ഈ ലോകകപ്പിൽ അർജന്റീന ഇവിടെ നാലാമത്തെ മത്സരത്തിലാണ് ഇറങ്ങുന്നത്. ഇന്ന് ജയിച്ചാൽ അഞ്ചാം മത്സരവും ഇവിടെയാകും.കൂടുതൽ മത്സരങ്ങൾ കളിച്ചതുമാത്രമല്ല,ഗാലറിയിലെ മുക്കാൽപങ്കോളവും അർജന്റീനയ്ക്ക് വേണ്ടി ആരവങ്ങൾ അർപ്പിക്കാനെത്തുന്നു എന്നതും കൂടിയാണ് ഇത് മെസിപ്പടയുടെ 'ഹോം ഗ്രൗണ്ട് ' ആക്കിമാറ്റുന്നത്.
സൗദി അറേബ്യയ്ക്ക് എതിരായ ആദ്യ മത്സരം ഇവിടെയാണ് മെസിയും സംഘവും കളിച്ചത്. ആ മത്സരത്തിൽ തോൽവിയായിരുന്നെങ്കിൽ മെക്സിക്കോയ്ക്ക് എതിരെ ആദ്യ വിജയം നേടിയതും ഇവിടെത്തന്നെ.ഹോളണ്ടിനെതിരായ ക്വാർട്ടർ ഫൈനലായിരുന്നു അടുത്തത്. അതേസമയം ക്രൊയേഷ്യ ഇവിടെ ഒരു മത്സരം പോലും കളിച്ചിട്ടില്ള.
ഈ ലോകകപ്പിൽ ഏറ്റവും അധികം ആളുകളെ ഉൾക്കൊള്ളുന്ന സ്റ്റേഡിയമാണ് ലുസൈൽ. 80000മാണ് ഖത്തർ സംഘാടകർ ലുസൈൽ സ്റ്റേഡിയത്തിന്റെ സിറ്റിംഗ് കപ്പാസിറ്റിയായി ആദ്യം അറിയിച്ചിരുന്നത് .എന്നാൽ മത്സരം തുടങ്ങിയപ്പോൾ അത് 12ശതമാനത്തോളം വർദ്ധിപ്പിച്ചു. അർജന്റീനയുടെ കഴിഞ്ഞ മത്സരം കാണാൻ 88,966 പേർ എത്തിയിരുന്നു എന്നാണ് കണക്കുകൾ.
അർജന്റീനയിൽ നിന്ന് 40000ത്തോളം പേരാണ് കളി കാണാൻ ദോഹയിലെത്തിയിരിക്കുന്നത് എന്നാണ് അർജന്റീനാ എംബസി അറിയിച്ചിരിക്കുന്നത്. എന്നാൽ ലുസൈൽ സ്റ്റേഡിയം നിറയ്ക്കുന്നത് അർജന്റീനയിൽ നിന്നുള്ളവർ മാത്രമല്ല, ഇന്ത്യയിൽ നിന്നും ബംഗ്ളാദേശിൽ നിന്നുമുള്ള അർജന്റീനാ ആരാധകരും ചേർന്നാണ്. ഇന്ത്യക്കാരിൽ അധികവും മലയാളികൾ തന്നെ. ബംഗ്ളാദേശിലും മെസിക്ക് വലിയ ആരാധകസംഘങ്ങളുണ്ട്. ഇതാദ്യമായാണ് സ്വന്തം രാജ്യത്തിനുപുറത്തുനിന്ന് ഇത്രയും ആരാധകർ തങ്ങൾക്കുവേണ്ടി എത്തുന്നതെന്ന് അർജന്റീനാക്കാർ തന്നെ പറയുന്നു.