
ടെഹ്‌റാൻ : ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട രണ്ടാമത്തെ വധശിക്ഷ നടപ്പാക്കി ഇറാൻ. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യ വധശിക്ഷ നടപ്പാക്കിയത്. മജീദ് റെസ റഹ്‌നാവാർദ് എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ' ദൈവത്തിനെതിരായി യുദ്ധം പ്രഖ്യാപിച്ചെ"ന്ന പേരിൽ ഇന്നലെ രാവിലെ മഷാദ് നഗരത്തിൽ പൊതുസ്ഥലത്ത് ഇയാളെ തൂക്കിലേറ്റിയെന്നാണ് റിപ്പോർട്ട്. രണ്ട് സുരക്ഷാ സേനാംഗങ്ങളെ കുത്തിക്കൊന്നതിനും മറ്റ് നാല് പേരെ പരിക്കേൽപ്പിച്ചതിനും നവംബർ 29നാണ് ഇയാൾക്ക് വധശിക്ഷ വിധിച്ചത്. അതേസമയം, ദൈവത്തിന്റെ ശത്രുവെന്ന് മുദ്രകുത്തിയാണ് മൊഹ്‌സെൻ ഷെകാരി എന്നയാളെ വ്യാഴാഴ്ച തൂക്കിലേറ്റിയത്. പ്രക്ഷോഭത്തിനിടെ ടെഹ്‌റാനിലെ പ്രധാന റോഡുകളിലൊന്ന് തടയുകയും അർദ്ധ സൈനിക സേനാംഗത്തെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തെന്നായിരുന്നു ഇയാൾക്കെതിരെയുള്ള കുറ്റം. ശരിയായ നടപടികളില്ലാതെയുള്ള വിചാരണയിലൂടെയാണ് രാജ്യത്ത് വധശിക്ഷ നടപ്പാക്കുന്നതെന്നാണ് ആരോപണം. ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്ത കുറഞ്ഞത് പത്ത് പേർക്കെങ്കിലും രാജ്യത്ത് വധശിക്ഷ വിധിച്ചിട്ടുണ്ടെന്ന് കരുതുന്നു. ഡസൻകണക്കിന് പേർ വധശിക്ഷയുടെ വക്കിലാണ്. ഹിജാബ് ധരിക്കാത്തതിന് സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മഹ്സ അമിനി എന്ന 22കാരി മരിച്ചതിന് പിന്നാലെ ആരംഭിച്ച രാജ്യവ്യാപക പ്രക്ഷോഭങ്ങളിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലുകളിൽ ഇതുവരെ 470ലേറെ പേർ കൊല്ലപ്പെട്ടു.