police

ഇൻഡോർ: മെഡിക്കൽ കോളേജിൽ റാഗിംഗ് നടത്തിയതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി അന്വേഷിക്കാൻ പൊലീസ്‌ കണ്ടെത്തിയത് വ്യത്യസ്‌തമായൊരു മാർഗം. കൂട്ടത്തിൽ കോൺസ്‌റ്റബിളായ ഒരു ഉദ്യോഗസ്ഥയെ മെഡിക്കൽ വിദ്യാർത്ഥിയായി ക്യാമ്പസിലെത്തിച്ചാണ് പൊലീസ് കേസ് തെളിയിച്ചത്. 24കാരിയായ ശാലിനി ചൗഹാനെയാണ് വിദ്യാർത്ഥിയുടെ വേഷത്തിൽ അയച്ചത്. റാഗിംഗ് നടത്തിയ പതിനൊന്ന് സീനിയർ വിദ്യാർത്ഥികളെയും മൂന്ന് മാസക്കാലം കോളേജ് ക്യാന്റീൻ കേന്ദ്രീകരിച്ച് ശാലിനി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. മദ്ധ്യപ്രദേശിലെ സാന്യോഗിതാഗഞ്ച് പൊലീസ് സ്‌റ്റേഷനിലെ കോൺസ്‌റ്റബിളാണ് ശാലിനി. ഇൻഡോർ എംജിഎം കോളേജിൽ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്‌തെന്ന് ജൂനിയർ വിദ്യാർത്ഥികളാരോ പേരോ വിവരമോ വെളിപ്പെടുത്താതെ പരാതിപ്പെട്ടിരുന്നു.

സംഭവത്തിന്റെ വാട്‌സാപ്പ് ചാറ്റ് വിവരവും സ്‌ക്രീൻ ഷോട്ടും എവിടെയാണ് സംഭവം നടന്നത് എന്ന വിവരവും മാത്രമാണ് പരാതി നൽകിയതിലുണ്ടായിരുന്നത്. പൊലീസ് നേരിട്ടെത്തി അന്വേഷിച്ചപ്പോൾ ഭയം കാരണം ജൂനിയർ വിദ്യാർത്ഥികൾ ഒന്നും പറഞ്ഞില്ല. ഇതോടെയാണ് ഇത്തരത്തിൽ വേഷംമാറി അന്വേഷിക്കാൻ തീരുമാനിച്ചത്. ശാലിനിയ്‌ക്ക് പുറമേ റിങ്കു, സഞ്ജയ് എന്നീ പൊലീസുദ്യോഗസ്ഥരും അന്വേഷണത്തിനുണ്ടായി. ഇവർ നൽകുന്ന വിവരങ്ങൾ കൃത്യമായി അന്വേഷിച്ച് ശാലിനി സ്ഥിരീകരിച്ചതോടെയാണ് പ്രതികളിലേക്ക് പൊലീസ് എത്തിച്ചേർന്നത്. ലൈംഗികാതിക്രമം വരെ മുതിർന്ന വിദ്യാർത്ഥികൾ നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞു. പ്രതികളായ 11 വിദ്യാർത്ഥികളും വളരെ മോശമായാണ് എല്ലാവരോടും പെരുമാറിയിരുന്നതെന്ന് ഇവരെ നിരീക്ഷിച്ച് ശാലിനി കണ്ടെത്തി. പ്രതികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇവരെയെല്ലാം മൂന്ന് മാസത്തേക്ക് കോളേജിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു. എസ് ഐ സത്യജീത്ത് ചൗഹാൻ, ഓഫീസർ ഇൻ ചാർജ് തഹ്സിബ് ഖ്വാസി എന്നിവരായിരുന്നു അന്വേഷണസംഘത്തിന്റെ ചുമതലയുള‌ളവർ.