
എന്തിനും ഏതിനും ആപ്പുകളുണ്ട്. ഒന്നും രണ്ടുമല്ല, പതിനായിരക്കണക്കിന് ആപ്പുകൾ. ഒരുപരിധിവരെ ഉപയോഗപ്രദമായ ഇവയിൽ പലതും തട്ടിപ്പുകൾക്കുള്ള വഴികൾ തുറന്നിടുന്നുമുണ്ട്. സൗഹൃദം പങ്കുവച്ചും പ്രണയിച്ചും കുട്ടികളെ ചൂഷണം ചെയ്യുന്ന ഡേറ്റിംഗ് ആപ്പുകളും, പണം തട്ടിപ്പുകൾക്കുള്ള ലിങ്കുകളുള്ള ആപ്പുകളും വലക്കണ്ണികൾ മുറുക്കുന്ന കാലമാണിത്. ഇന്റർപോൾ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ അടുത്തിടെ വരെ രാജ്യാന്തരബന്ധമുള്ള ഡേറ്റിംഗ് ആപ്പ് ചതികളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് തട്ടിപ്പ്. കുട്ടികൾ ഇന്റർനെറ്റിൽ പരതുന്ന വഴികൾ രക്ഷിതാക്കൾ അറിയണമെന്നില്ല. അവർ കൂട്ടുതേടി ചതിക്കുഴികളിൽ പെടുമ്പോഴാണ് മിക്കവരും അറിയുക. ഡേറ്റിംഗ് ആപ്പുകളെക്കുറിച്ച് രക്ഷിതാക്കൾക്കും കാര്യമായ അറിവുണ്ടാകണമെന്നില്ല. അജ്ഞാതരായ ചിലർ, വ്യാജപ്രൊഫൈലുണ്ടാക്കി കുട്ടികളുമായി സൗഹൃദം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ കുട്ടികളെ വശീകരിക്കും. പതിയെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കും. അതേസമയം, ഗൂഗിൾവഴി സെർച്ച് ചെയ്തുകിട്ടുന്ന ലിങ്കുകൾ, ഇ - മെയിൽ, സോഷ്യൽ മീഡിയ എന്നിവവഴി ലഭിക്കുന്ന ലിങ്കുകൾ ഉപയോഗിച്ച് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് തട്ടിപ്പുകളിൽ കുടുങ്ങുന്നവരുമുണ്ട്.
ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അവ ആവശ്യപ്പെടുന്ന പെർമിഷൻ പരിശോധിക്കാതെ ആപ്പിന്റെ പ്രവർത്തനത്തിന് ആവശ്യമില്ലാത്ത പെർമിഷൻ കൊടുക്കുന്നത് വഴിയും തട്ടിപ്പുകൾക്ക് ഇരയാകുന്നുണ്ട്. തട്ടിപ്പിനിരയാവുന്ന കുറച്ചുപേർ മാത്രമാണ് പരാതിയുമായി രംഗത്തെത്തുന്നത്. അതുകൊണ്ട് തട്ടിപ്പുകാർക്ക് ഇത് വളമാകും.
ജാഗ്രതവേണം
മൊബൈൽ ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റം, ആന്റിവൈറസ് സോഫ്ട്‌വെയറുകൾ അടിക്കടി അപ്‌ഡേറ്റ് ചെയ്യുക എന്നതാണ് തട്ടിപ്പുകളെ പ്രതിരോധിക്കാനുളള ഒരു വഴി. വളരെ അത്യാവശ്യമായവ ഒഴികെ, ബാക്കിയുള്ള ആപ്പുകൾ അൺ ഇൻസ്റ്റാൾ ചെയ്യണം. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് മാത്രം ആപ്പ് ഡൗൺലോഡ് ചെയ്യണം. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ ആപ്പുകളോട് ലിങ്ക് ചെയ്യുന്നത് സൂക്ഷിച്ചുവേണം. കൃത്യമായ വിവരം നൽകാത്ത പ്രൊഫൈലുകളോട് ജാഗ്രത പുലർത്തി സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കുക എന്നതും പ്രധാനമാണ്. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യും മുൻപ് അവയുടെ ക്രെഡിബിലിറ്റി, റിവ്യൂ എന്നിവ വിലയിരുത്തണം. മൊബൈൽ ഫോൺ വാങ്ങുമ്പോഴും സർവീസ് ചെയ്തശേഷവും ഫാക്ടറി റീസെറ്റ് ചെയ്ത ശേഷം മാത്രം ഉപയോഗിക്കണമെന്നും സൈബർ പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
കുട്ടികളിൽ
കണ്ണ് വേണം
തട്ടിപ്പിൽ കുരുങ്ങാതിരിക്കാൻ കുട്ടികളാണ് ജാഗ്രത പാലിക്കേണ്ടത്. അവർ അപകടത്തിൽ പെടാതിരിക്കാൻ വഴിയടയ്‌ക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്വവും. സാമൂഹ്യമാദ്ധ്യമങ്ങളിലെ അക്കൗണ്ട് വിവരങ്ങളും ഫോൺ നമ്പർ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങളും അപരിചിതർക്ക് നൽകരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഈയിടെ 16 ആപ്പുകൾ നീക്കം ചെയ്തതായി റിപ്പോർട്ടുണ്ടായിരുന്നു. പരസ്യത്തട്ടിപ്പ് നടത്തുകയായിരുന്നു ഈ ആപ്പുകളെന്നാണ് സുരക്ഷാ ഏജൻസിയുടെ റിപ്പോർട്ടുകൾ. ആൻഡ്രോയ്ഡ് ഉപകരണങ്ങളിലെ ബാറ്ററി പെട്ടെന്ന് തീർന്നുപോകാനും ഡാറ്റ വേഗത്തിൽ തീരാനും കാരണമാകുന്ന ആപ്പുകളാണിത്. ഇവയെല്ലാം ദശലക്ഷക്കണക്കിന് തവണ ലോകമെങ്ങും ഡൗൺലോഡ് ചെയ്തിട്ടുമുണ്ട്. നീക്കം ചെയ്ത ആപ്പുകൾ 'യൂട്ടിലിറ്റി' ആപ്പുകളുടെ വിഭാഗത്തിൽപ്പെടുന്നവയാണ്. സുരക്ഷാ ഏജൻസിയാണ് ഈ ആപ്പുകൾ തിരിച്ചറിഞ്ഞത്. പരസ്യങ്ങളിലും ലിങ്കുകളിലും ക്ലിക്ക് ചെയ്താൽ ഉപഭോക്താവ് നിർദേശം നൽകാതെതന്നെ വെബ് പേജുകൾ തുറക്കുന്നതിനുള്ള അറിയിപ്പുകൾ ലഭിക്കും. ലിങ്കുകളിലും പരസ്യങ്ങളിലും ക്ലിക്ക് ചെയ്യാൻ അനുവദിക്കുന്നത് പ്രത്യേക കോഡുകളാണെന്ന് സുരക്ഷാ സ്ഥാപനത്തിന്റെ കണ്ടെത്തലിൽ പറയുന്നു. ഉപയോക്താവിന്റെ അറിവില്ലാതെതന്നെ ഇതെല്ലാം സംഭവിക്കും. ഇതാണ് അധിക ബാറ്ററി ഉപയോഗത്തിനും നെറ്റ്‌വർക്ക് ഉപയോഗം വർദ്ധിക്കാനും കാരണമാകുന്നത്. അതുവഴി പരസ്യത്തട്ടിപ്പിനും കളമൊരുങ്ങും. മാൽവെയറുകളുള്ള ആപ്ലിക്കേഷനുകളെ നിയന്ത്രിക്കാൻ ഗൂഗിൾ പ്ലേസ്റ്റോർ നിരവധി സുരക്ഷാ സംവിധാനം ഒരുക്കുന്നുണ്ടെങ്കിലും അവ മറികടന്ന് തട്ടിപ്പുകാർ വിവിധ വഴികളിലൂടെ മാൽവെയർ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിറയ്ക്കുന്നുണ്ടെന്ന് പറയുന്നു.
എന്നാൽ ഇവയ്ക്ക് പിന്നിലെ ദുരന്തം പലപ്പോഴും മൊബൈൽ ഉപയോക്താക്കൾ അറിയുന്നില്ല. ഇത്തരം ആപ്പുകൾ ഫോണിൽ ഡൗൺലോഡ് ചെയ്യുന്നത് വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതിന് പോലും കാരണമാകുന്നു. അടുത്തിടെ നടത്തിയ പഠനത്തിൽ ആവശ്യമില്ലാത്ത നിരവധി ആപ്പുകൾ ജനങ്ങൾ ഡൗൺലോഡ് ചെയ്യുന്നതായി കണ്ടെത്തി ഇത് ഉടൻ നീക്കം ചെയ്യാൻ ഉപയോക്താക്കൾക്ക് നിർദ്ദേശം കൊടുത്തിട്ടുണ്ട്.
കുടുങ്ങും
പരസ്യത്തിലും
ചില ആപ്പുകൾ ഒരു ദശലക്ഷത്തിലധികം പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. വീഡിയോകളും പരസ്യങ്ങളും കണ്ട് പണം സമ്പാദിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നുവെന്ന് ഈ ആപ്പ് വാഗ്ദാനം ചെയ്യുന്നു. ഈ ആപ്പിന്റെ ഡെവലപ്പർമാർ തങ്ങളുടെ ഇരകളെ കഴിയുന്നത്ര കാലം ഒപ്പം നിറുത്താനും ശ്രമിക്കും. അങ്ങനെ അവർ വീഡിയോകളും പരസ്യങ്ങളും കാണുന്നത് തുടരും. എന്നാൽ ഇതിലൂടെ പണം ലഭിക്കുന്നത് തട്ടിപ്പുകാർക്കായിരിക്കുമെന്ന് മാത്രം. ഡെവലപ്പർമാർ പരസ്യം കടത്തിവിടുന്നത് കൂടാതെ മറ്റൊരാൾക്ക് നമ്മുടെ ഫോൺ നിരീക്ഷിക്കാനുള്ള അനുവാദവും നൽകുന്നു. ഇതിലൂടെ നമ്മൾ അറിയാത്ത ഒരാൾ നമ്മുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നു.
ഇതുപോലെ പരസ്യം കയറ്റിവിടുന്ന വേറെയും നിരവധി ആപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ ആപ്പുകൾ വഴി മറ്റ് വെബ്‌സൈറ്റുകളിലേക്ക് പോവുകയും അത് ഫോണിൽ മാൽവെയർ കടക്കാൻ കാരണമാകുകയും ചെയ്യുന്നു. ഈ മാൽവെയർ ഫോണിന്റെ ബ്ലൂടൂത്ത്, വൈ ഫൈ, യു.എസ്.ബി ഡ്രൈവർ, വോളിയം, മ്യൂസിക് ഇക്വലൈസർ എന്നിവയെ അടക്കം ബാധിക്കുന്നു. ഇങ്ങനെയുള്ള ആപ്പുകളും ഏകദേശം ലക്ഷക്കണക്കിന് ആളുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാൻ ചില തെറ്റായ സർവേകൾ രൂപകൽപ്പന ചെയ്ത ആപ്പുകളും ഇതിൽ പെടുന്നുണ്ട്. ഇങ്ങനെയുള്ള ആപ്പുകൾ കൂടുതൽ ലക്ഷ്യമിടുന്നത് റഷ്യൻ ഉപയോക്താക്കളെ ആണെന്നും പറയുന്നുണ്ട്. പ്രശസ്ത കമ്പനിയുടെയും വ്യക്തികളുടെയും വിവരങ്ങൾ എടുത്ത് അവരുടെ പേരിൽ തട്ടിപ്പുകൾ നടത്തുന്നുമുണ്ട്. ചുരുക്കത്തിൽ അനാവശ്യ ആപ്പുകൾ നമുക്ക് പൊല്ലാപ്പാകുമെന്ന് ഉറപ്പ്. ഡിലീറ്റ് ചെയ്യുക എന്നതു മാത്രമാണ് പ്രധാന പോംവഴി.