
ബീജിംഗ് : കൊവിഡ് 19 കേസുകൾ ട്രാക്ക് ചെയ്യാൻ ഉപയോഗിച്ചുവന്ന ആപ്പ് പിൻവലിച്ച് ചൈന. രാജ്യവ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ചൈനയിൽ വ്യാപക ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ട്രാക്കിംഗ് ആപ്പ് പിൻവലിക്കുന്നത് രാജ്യത്തെ സീറോ - കൊവിഡ് നയത്തിൽ വരുത്തുന്ന പ്രധാന മാറ്റങ്ങളിലൊന്നാണ്. മൊബൈൽ സിഗ്നലുകളെ അടിസ്ഥാനമാക്കി ഹൈ റിസ്ക് മേഖലകളിൽ സന്ദർശിച്ചവരെ പിന്തുടരാൻ ഭരണകൂടത്തെ സഹായിക്കുന്നതായിരുന്നു ആപ്പ്. ഇത് ഇന്ന് അർദ്ധരാത്രി മുതൽ പ്രവർത്തനരഹിതമാകും. രണ്ട് വർഷത്തിലേറെയായി ഈ ആപ്പ് ചൈനയിൽ പ്രചാരത്തിലുണ്ടായിരുന്നു. അതേ സമയം, രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനേ കുറഞ്ഞു. പരിശോധനകൾ കുറച്ച പശ്ചാത്തലത്തിലാണ് കേസുകളും കുറഞ്ഞത്. ഞായറാഴ്ച 8,838 കേസുകൾ രാജ്യത്ത് സ്ഥിരീകരിച്ചെന്നും ഇതിൽ 2,240 പേർക്ക് മാത്രമാണ് രോഗലക്ഷണങ്ങളുള്ളതെന്നും നാഷണൽ ഹെൽത്ത് കമ്മിഷൻ ഇന്നലെ അറിയിച്ചു.