ff

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ മുൻ മന്ത്രി എ.പി. അനിൽകുമാറിനെതിരായ പരാതി വ്യാജമെന്ന് സി,​ബി.ഐയുടെ അന്വേഷണ റിപ്പോർട്ട്. കൊച്ചിയിൽ വച്ച് പീഡിപ്പിച്ചു എന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നും പ്രൈവറ്റ് സെക്രട്ടറി വഴി ഏഴു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നും കാണിച്ച് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ റിപ്പോർട്ട് നൽകി.

2012ൽ കൊച്ചിയിലെ ട്രാവൽ മാർട്ട് നടക്കുമ്പോൾ പരാതിക്കാരി പറ‌ഞ്ഞ പഞ്ചനക്ഷത്ര ഹോട്ടലിൽ അനിൽകുമാർ താമസിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം അനിൽകുമാർ ഗസ്റ്റ് ഹൗസിൽ തങ്ങിയതിന് തെളിവുണ്ട്. ഡൽഹിയിലെ കേരള ഹൗസിൽ വച്ച് പണം വാങ്ങിയെന്ന് പറയുന്ന ദിവസം പ്രൈവറ്റ് സെക്രട്ടറി അവിടെ താമസിച്ചതിനും പണം കൈപ്പറ്റിയതിനും തെളിവില്ല.

സോളാർ ലൈംഗിക പീഡനക്കേസിൽ ഇത് മൂന്നാമത്തെ നേതാവിനാണ് സി.ബി.ഐ ക്ലീൻ ചിറ്റ് നൽകുന്നത്.

നേരത്തെ അടൂർ പ്രകാശ്,​ ഹൈബി ഈഡൻ എന്നിവർക്കും സി.ബി.ഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു.