lahoz

ദോഹ: ഖത്തർ ലോകകപ്പിൽ അർജന്റീന - നെതർലൻഡ്സ് ക്വാർട്ടർ മത്സരം നിയന്ത്രിച്ച റഫറി അന്റോണിയോ മത്തേയു ലാഹോസ് ഇനിയുള്ള മത്സരങ്ങൾ നിയന്ത്രിക്കില്ല. അർജന്റീന ക്യാപ്റ്റൻ ലിയോണൽ മെസി, ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ് എന്നിവരെല്ലാം റഫറിക്കെതിരെ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. ലോകകപ്പ് പോലുള്ള മത്സരം നിയന്ത്രിക്കാൻ അൽപം കൂടി നിലവാരമുള്ള റഫറിമാരെ നിയോഗിക്കണമെന്നാണ് മെസി പറഞ്ഞത്.

ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാർഡുകൾ കണ്ട മത്സരമായിരുന്നു അർജന്റീന - നെതർലൻഡ്സ് ക്വാർട്ടർ മത്സരം. 18 കാർഡുകളാണ് ലാഹോസ് പുറത്തെടുത്തത്. വിവാദ തീരുമാനങ്ങളിലൂടെ ശ്രദ്ധേയനായ സ്പാനിഷ് റഫറി ഇനി ഖത്തർ ലോകകപ്പിൽ ഉണ്ടാവില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ലൂസേഴ്സ് ഫെെനൽ ഉൾപ്പെടെ നാല് മത്സരങ്ങളാണ് ഇനി ലോകകപ്പിൽ അവശേഷിക്കുന്നത്. ഈ മത്സരങ്ങളിൽ ലാഹോസ് ഉണ്ടാവില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഫിഫയോ റഫറിയിംഗ് പാനലോ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ല. സ്പാനിഷ് ലീഗിലും വിവാദ തീരുമാനങ്ങളിലൂടെ നിരവധി വാർത്തകളിൽ ഇടം പിടിച്ചയാളാണ് ലാഹോസ്.