
കുളിക്കുന്നതിനൊപ്പവും അല്ലാതെയും മുഖത്തെ അഴുക്കും പൊടിയും കഴുകിമാറ്റി വൃത്തിയാക്കുവാനായി പലരും സോപ്പുകൾ തന്നെയാണ് ഉപയോഗിച്ച് വരുന്നത്. സോപ്പുകൾ കൊണ്ട് കഴുകി വൃത്തിയാക്കിയിട്ടും മുഖത്തെ പരുക്കൻ സ്വഭാവത്തിനും ചർമ്മ പ്രശ്നങ്ങൾക്കും പരിഹാരമാകുന്നില്ല എന്ന പരാതിയും പലരും ഉന്നയിക്കാറുണ്ട്. ഇതിലെ പ്രധാന കാരണമെന്നത് മറ്റു ശരീര ഭാഗങ്ങൾ പോലെ മുഖം വൃത്തിയാക്കാൻ സോപ്പ് ഒട്ടും അനുയോജ്യമല്ല എന്നതാണ്.
പല തരത്തിലുള്ള സോപ്പുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ ഈ സോപ്പുകളെല്ലാം മുഖത്തിലെ അഴുക്കുകൾ മാത്രമല്ല കഴുകി മാറ്റുന്നത് എന്നതാണ് യാഥാർത്ഥ്യം. മുഖ ചർമ്മത്തിന് നിശ്ചിതമായ ഒരു പിഎച്ച് ഉണ്ട്. മുഖത്തിലെ 5.5 എന്ന അസിഡിക് ഗുണമുള്ള പി എച്ചിനെ വ്യതിയാനപ്പെടുത്തുന്നതിൽ സോപ്പുകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. സോപ്പുകളിലെ ഒമ്പത് വരെ പിഎച്ച് ക്രമത്തിലുള്ള ആൽക്കലൈൻ സ്വഭാവമാണ് മുഖ ചർമ്മത്തിന് വിനയായി മാറുന്നത്. ഇത്രയും ഉയർന്ന പിഎച്ച് മുഖത്തിലെ ആവശ്യകരമായ എൻസൈമുകളെയും അഴുക്കിനൊപ്പം തന്നെ കഴുകി മാറ്റി ചർമ്മത്തെ പരുക്കനാക്കി മാറ്റും.
മുഖ ചർമ്മ സംരക്ഷണത്തിന് സോപ്പിന്റെ പകരക്കാരൻ
•സോപ്പിലടങ്ങാത്ത പല ഗുണഗണങ്ങളുമടങ്ങിയ ഫേസ് വാഷുകളാണ് മുഖം വൃത്തിയാക്കുന്നതിന് ഏറെ അനുയോജ്യം. മുഖത്തേതിന് സമാനമായ 5.5 പിഎച്ചിലെ ഫേസ് വാഷുകൾ ഉപയോഗിക്കുന്നത് ചർമ്മത്തിനെ പരുക്കനാക്കുന്നതിൽ നിന്നും അതോടൊപ്പം തന്നെ ചർമ്മത്തിലെ പല പ്രധാന എൻസൈമുകളുടെയും ബാക്ടീരിയകളുടെയും നാശത്തിൽ നിന്നും രക്ഷ നൽകും.
•ദിവസവും രണ്ട് നേരം ഫേസ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുന്നതായിരിക്കും ഉചിതം. ഇത് വഴി ചർമ്മത്തിൽ അടിഞ്ഞ് കൂടുന്ന അഴുക്ക്, പൊടിപടലങ്ങൾ, മേക്കപ്പ്, എണ്ണ എന്നിങ്ങനെ ഹാനീകരമായവ നീക്കം ചെയ്യാൻ സഹായിക്കും.
•സോപ്പുകളിൽ മോസ്ചറൈസിംഗ് ഘടകങ്ങൾ ഇല്ലാത്തതിനാൽ തന്നെ മുഖം കഴുകി അധിക സമയം കഴിയുന്നതിന് മുൻപ് തന്നെ മുഖ ചർമ്മത്തിലെ ഈർപ്പം നഷ്ടമായി മറ്റ് പ്രതലത്തിൽ ഉരഞ്ഞാൽ ചർമത്തിന് കേടുപാടുകൾ സംഭവിക്കുന്ന തരത്തിലെ അവസ്ഥയുണ്ടാക്കും. എന്നാൽ ഫേസ് വാഷിലെ മോസ്ചറൈസർ ഘടകങ്ങൾ ഇതിന് വിപരീതമായി മികച്ച ഫലം നൽകുന്നതായിരിക്കും.