
തൃശ്ശൂർ: ആശുപത്രിയിൽ നിന്നും വീട്ടിലേയ്ക്ക് മടങ്ങാനായി പതിനാലുകാരൻ കുറുക്കുവഴിയായി തിരഞ്ഞടുത്തത് ആംബുലൻസിനെ. തൃശ്ശൂർ ജനറൽ ആശുപത്രിയിൽ നടന്ന സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രോഗി അധികൃതരുടെ കണ്ണുവെട്ടിച്ച് 108 ആംബുലൻസുമായി കടന്നുകളയുകയായിരുന്നു.
കടുത്ത പനിയെ തുടർന്നായിരുന്നു കുട്ടിയെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടിൽ പോകണമെന്ന് ഇടയ്ക്ക് ആവശ്യമറിയിക്കുകയും എന്നാൽ ആശുപത്രി അധികൃതർ ഇതിന് അനുവാദം നൽകാത്തതാണ് ആംബുലൻസിൽ മടങ്ങാൻ പ്രേരണയായത് എന്നാണ് വിവരം. കുട്ടി രക്ഷപ്പെട്ട ആംബുലൻസ് ഒല്ലൂരിൽ എത്തിയപ്പോൾ ഓട്ടം നിലച്ചു. ഇതിനെ തുർന്ന് നാട്ടുകാർ കാര്യം തിരക്കിയെത്തിയപ്പോഴാണ് പതിനാലുകാരനെ ആംബുലൻസിനുള്ളിൽ കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി കുട്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി ആംബുലൻസ് ഓടിച്ച് പോയ വഴിയിൽ നൂറോളം പേർ പങ്കെടുത്ത പൊതു പരിപാടി നടക്കുന്നുണ്ടായിരുന്നു. എന്നാൽ പകുതി വഴിയിൽ വാഹനം ഓഫ് ആയതോടെ വലിയൊരു അപകടം തന്നെ ഒഴിവാകുക ആയിരുന്നു.