uadayanidhi

ചെന്നൈ: തമിഴ്നാട് മന്ത്രിസഭാ പുനസംഘടനയിൽ ഉദയനിധി സ്റ്റാലിന്റെ മന്ത്രി സ്ഥാനം ഉറപ്പായി. അദ്ദേഹത്തിനെ കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രിയാക്കുന്നത് സംബന്ധിച്ച ശുപാർശയ്ക്ക് ഗവർണർ അംഗീകാരം നൽകി. ഈ മാസം 14-ന് രാജ് ഭവനിലെ ദർബാർ ഹാളിൽ വെച്ചാണ് ഔഗ്യോഗിക സത്യപ്രതിജ്ഞ. പരിസ്ഥിതി വകുപ്പ് കൈകാര്യ ചെയ്യുന്ന ശിവ വി മെയ്യനാഥനിൽ നിന്നാണ് ഉദയനിഥി കായിക യുവജന ക്ഷേമ വകുപ്പിന്റെ ചുമതല ഏറ്റുവാങ്ങുന്നത്.

മന്ത്രിസഭാ പുനസംഘടനയിൽ ചെപ്പോക്ക് തിരുവെള്ളൈക്കേനി നിയമസഭാംഗവും ഡിഎംകെ യുവജനവിഭാഗം സെക്രട്ടറിയുമായ ഉദയനിധിയെക്കൂടി മന്ത്രിസഭയിലെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രശസ്‌ത തമിഴ് നടനും നിർമ്മാതാവുമാണ് ഉദയനിധി.

ഒന്നര വർഷത്തിന് ശേഷമാണ് സ്‌റ്റാലിൻ സർക്കാർ മന്ത്രിസഭാ പുന:സംഘടന നടത്തുന്നത്. 2021 മേയ് ഏഴിനാണ് സ്‌റ്റാലിൻ മന്ത്രിസഭ അധികാരമേറ്റത്. നിലവിൽ സ്‌റ്റാലിനടക്കം 34 അംഗ മന്ത്രിസഭയാണ് തമിഴ്‌നാട്ടിലേത്. ചിന്നവർ എന്നാണ് ഉദയനിധി പാർട്ടിക്കുള‌ളിൽ അറിയപ്പെടുന്നത്. മുത്തച്ഛനും തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുമായ കരുണാനിധി പണ്ട് മത്സരിച്ചിരുന്ന മണ്ഡലത്തിൽ നിന്നും 69,355 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിലാണ് ഉദയനിധി ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത്. പാർട്ടിയിലെ മുതിർന്ന നേതാക്കളടക്കം ഉദയനിധിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.