
ലണ്ടൻ : ആർ.എം.എസ് ടൈറ്റാനിക് എന്ന കപ്പലിനെ പറ്റി കേൾക്കാത്തവർ കാണില്ല. ആദ്യയാത്രയിൽ തന്നെ മഞ്ഞുമലയിലിടിച്ച് അറ്റ്‌ലാൻഡിക് സമുദ്രത്തിൽ മുങ്ങിയ ആഢംബര കപ്പൽ. ഒരിക്കലും മുങ്ങില്ലെന്ന് വിശേഷിപ്പിക്കപ്പെട്ട, അന്ന് നിർമ്മിക്കപ്പെട്ടവയിൽ വച്ച് ഏറ്റവും വലുതായിരുന്ന ടൈറ്റാനികിന്റെ തകർച്ച നാവിക ചരിത്രത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.
1912 ഏപ്രിൽ 10ന് ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നിന്ന് അമേരിക്കയിലെ ന്യൂയോർക്കിലേക്ക് 2,224 യാത്രക്കാരുമായി കന്നിയാത്ര പുറപ്പെട്ട ബ്രിട്ടീഷ് ഷിപ്പിംഗ് കമ്പനിയായ വൈറ്റ് സ്റ്റാർ ലൈനിന്റെ ആർ.എം.എസ് ടൈറ്റാനിക് ഒരു ദുരന്ത കാവ്യമായി. ഏപ്രിൽ 14ന് രാത്രി 11.40നാണ് ടൈറ്റാനിക് കൂറ്റൻ മഞ്ഞുമലയിൽ ഇടിച്ചത്. 2 മണിക്കൂറുകൾക്കും 40 മിനിട്ടിനും ശേഷം ഏപ്രിൽ 15ന് ടൈറ്റാനിക് പൂർണമായും അറ്റ്ലാൻഡികിൽ മുങ്ങി താഴ്ന്നു. 1,500 ലേറെ പേർക്കാണ് ടൈറ്റാനിക് ദുരന്തത്തിൽ ജീവൻ നഷ്ടമായത്.
ടൈറ്റാനികിന്റെ തകർച്ചയ്ക്ക് കാരണം മഞ്ഞുമലയാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ശരിക്കും അതിന് പിന്നിൽ ഒരു ഈജിപ്ഷ്യൻ മമ്മിയുടെ ശാപമുണ്ടായിരുന്നു എന്ന കഥ കേട്ടിട്ടുണ്ടോ ?! ടൈറ്റാനികിന്റെ തകർച്ചയുടെ പേരിൽ പ്രചരിക്കുന്ന നിരവധി ദുരൂഹതാ സിദ്ധാന്തങ്ങളിലൊന്നാണ് ഈ വിചിത്ര വാദം.
ഈജിപ്ഷ്യൻ രാജാവായ അമൻ - റായുടെ മമ്മി ടൈറ്റാനികിലുണ്ടായിരുന്നെന്നും ഈ മമ്മിയുടെ ശാപമാണ് ടൈറ്റാനിക്കിനെ മുക്കിയതെന്നും വ്യാപക പ്രചാരണമുണ്ടായിട്ടുണ്ട്. 19ാം നൂറ്റാണ്ടിൽ പുറത്തെടുത്തത് മുതൽ പല അനിഷ്ട സംഭവങ്ങളും ഈ മമ്മി കാരണം ഉണ്ടായിട്ടുണ്ടെന്നുമാണ് കഥ. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ നിന്ന് അമേരിക്കയിലേക്ക് കൊണ്ടുപോകാൻ വേണ്ടിയാണത്രെ മമ്മിയെ ടൈറ്റാനികിൽ കയറ്റിയത്.
അമൻ - റായുടെയല്ല, മറിച്ച് അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു പുരോഹിതയുടെ മമ്മിയായിരുന്നു ടൈറ്റാനിക്കിൽ ഉണ്ടായിരുന്നതെന്നും കഥകളുണ്ട്. എന്നാൽ ശരിക്കും അത്തരമൊരു മമ്മി ടൈറ്റാനിക്കിൽ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.
ടൈറ്റാനിക് കഥയിൽ പ്രതിപാദിക്കുന്ന മമ്മി ഇപ്പോഴും ബ്രിട്ടീഷ് മ്യൂസിയത്തിലുണ്ട്. എന്നാൽ ശരിക്കും അതൊരു മമ്മി അല്ല. ഈജിപ്റ്റിൽ മമ്മികളെ അടക്കം ചെയ്യാൻ ഉപയോഗിക്കുന്ന തടി പേടകത്തിലെ മേൽമൂടിയാണിത്. ഒരു സ്ത്രീയുടേതെന്ന് കരുതുന്ന രൂപം ഇതിൽ വരച്ചിരിക്കുന്നതും കാണാം. ഏതായാലും ടൈറ്റാനികിനെ മുക്കിയ ' മമ്മി കഥ" വെറും തട്ടിപ്പാണെന്ന് ദശാബ്ദങ്ങൾക്ക് മുന്നേ തെളിയിക്കപ്പെട്ട ഒന്നാണ്.