
മുംബയ്: ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെതിരെ പരാതിയുമായി മറ്റൊരു താരം നോറ ഫത്തേഹി. അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് നടി ജാക്വിലിനും 15 മാദ്ധ്യമ സ്ഥാപനങ്ങൾക്കും എതിരെ നോറ പരാതി നൽകി. സുകേഷ് ചന്ദ്രശേഖർ, നടി ലീന മരിയ പോൾ എന്നിവരുൾപ്പെട്ട 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണ് വിവാദം.
''എന്റെ കരിയറിലെ വളർച്ച അവർ ഭീഷണിയായി കരുതുന്നു. ബോളിവുഡ് ഇൻഡസ്ട്രിയിൽ തന്നോടു മത്സരിക്കാനാകാതെ തന്റെ പ്രശസ്തിക്ക് കളങ്കം വരുത്താനും ഇതുവഴി തന്റെ അവസരങ്ങൾ കുറയ്ക്കാനുമാണ് ജാക്വിലിൻ ശ്രമിക്കുന്നത്''. സാമ്പത്തികവും സാമൂഹികവും വ്യക്തിപരവുമായ തകർച്ച ഉറപ്പാക്കാൻ ജാക്വിലിൻ ഗൂഢാലോചന നടത്തിയതായി നോറ പരാതിയിൽ പറയുന്നു.
ജാക്വിലിൻ ഫെർണാണ്ടസിന്റെ പരാമർശം വാർത്തയാക്കി പ്രചരിപ്പിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് മാദ്ധ്യമ സ്ഥാപനങ്ങൾക്കെതിരെ നോറ പരാതി നൽകിയത്. ജാക്വിലിനും മാദ്ധ്യമങ്ങളും പരസ്പരം ഒത്തൊരുമയോടെയാണ് പ്രവർത്തിക്കുന്നത് എന്ന് അവർ ആരോപിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാക്വിലിൻ ഫെർണാണ്ടസ് മേൽക്കോടതിയെ സമീപിച്ചിരുന്നു. സുകേഷിൽനിന്നു സമ്മാനങ്ങൾ കൈപ്പറ്റിയ നോറ ഫത്തേഹി ഉൾപ്പെടെയുള്ള മറ്റു താരങ്ങളെ കേസിൽ സാക്ഷികളാക്കുകയാണു ചെയ്തത്. എന്നാൽ തന്നെ മാത്രം പ്രതിയാക്കിയതിനു കാരണം എന്തെന്നായിരുന്നു ജാക്വിലിന്റെ ഫെർണാണ്ടസിന്റെ ചോദ്യം. ഇതാണു നോറയുടെ പരാതിക്കു കാരണം. കേസിൽ ഇരുവരെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു.