hareesh-peradi

നടൻ ഇന്ദ്രൻസിനെ ശാരീരികമായി അധിക്ഷേപിച്ച സിനിമാ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവനെ രൂക്ഷമായി വിമർശിച്ച് നടൻ ഹരീഷ് പേരടി. മന്ത്രിയുടെ വിവരക്കേട് എന്നാണ് വിവാദത്തെ നടൻ വിശേഷിപ്പിച്ചത്. എല്ലാ ജനതയും അവർക്ക് അർഹതപ്പെട്ടതേ തിരഞ്ഞെടുക്കാറുള്ളു...അങ്ങിനെ കാണാനാണ് തത്കാലം നമ്മുടെ വിധിയെന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

''വട്ട പൂജ്യത്തിൽ എത്തിയാലും എപ്പോൾ വേണമെങ്കിലും ഇൻഡ്യയിൽ അത്ഭുതങ്ങൾ ഉണ്ടാക്കാവുന്ന ഒരു പാർട്ടിയാണ് കോൺഗ്രസ്സ് ...കാരണം അതിന് കൃത്യമായ സംഘടനാ സംവിധാനങ്ങളില്ലാ എന്നതുതന്നെയാണ് അതിന്റെ മഹത്വം ...ആർക്കും ആരെയും ചോദ്യം ചെയ്യാം..എത്ര ഗ്രൂപ്പുകൾ ഉണ്ടാക്കിയാലും ആരും കുലംകുത്തിയാവില്ല...ആരെയും പടിയടച്ച് പിണ്ഡം വെക്കില്ല...അതുകൊണ്ട്തന്നെ ജനാധിപത്യത്തിൽ കോൺഗ്രസ്സിന്റെ സ്ഥാനം എപ്പോഴും ഒന്നാമതാണ്..കൊടിയുടെ മുകളിൽ എഴുതിവെച്ച കൃത്രിമമായ സ്വാതന്ത്യവും സോഷ്യലിസവും ജനാധിപത്യവും അല്ല അതിനുള്ളിൽ...മനുഷ്യന്റെ എല്ലാ ഗുണവും ദോഷവും അടങ്ങിയ പാർട്ടി...വികാരങ്ങളെ നിയന്ത്രിക്കാത്ത മനുഷ്യരുടെ പാർട്ടി...എപ്പോൾ വേണമെങ്കിലും തിരിച്ചു വരാം..അതുപോലെ തന്നെയാണ് ഇന്ദ്രൻസേട്ടനും..ഫാൻസ് അസോസിയേഷൻ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസ്സുകളിൽ ഒന്നാം സ്ഥാനത്തെത്തിയ,രാജ്യാന്തര പുരസ്കാരങ്ങൾ വാങ്ങിയ മഹാനടൻ...എപ്പോഴും അത്ഭുതങ്ങൾ സൃഷ്ടിക്കാവുന്ന നടൻ...പിന്നെ സാംസ്കാരിക മന്ത്രിയും അയാളുടെ വിവരകേടും..എല്ലാ ജനതയും അവർക്ക് അർഹതപ്പെട്ടതേ തിരഞ്ഞെടുക്കാറുള്ളു...അങ്ങിനെ കാണാനാണ് തത്കാലം നമ്മുടെ വിധി''

കഴിഞ്ഞദിവസം നിയമസഭയിൽ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. കോൺഗ്രസിന്റെ രാജ്യത്തെ അവസ്ഥയെ ഉപമിക്കുകയായിരുന്നു മന്ത്രി. പണ്ട് അമിതാഭ് ബച്ചന്റെ ഉയരത്തോളം ഉണ്ടായിരുന്ന കോൺഗ്രസ് ഇന്ന് മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലുപ്പത്തിൽ എത്തിയിരിക്കുന്നു എന്ന പരാമർശമാണ് നടത്തിയത്.

എന്നാൽ വി. എൻ വാസവൻ നടത്തിയത് ബോഡി ഷെയിംമിംഗ് ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചുണ്ടിക്കാട്ടി. പരാമ‌ർശം മന്ത്രി പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ‌്തു. തുടർന്ന് തന്റെ പരാമർശം പിൻവലിക്കുന്നതായും സഭാരേഖയിൽ ഉൾപ്പെടുത്തരുതെന്നും ആവശ്യപ്പെട്ട് വി. എൻ വാസവൻ കത്ത് നൽകിയിട്ടുള്ള വിവരം മേയർ എ.എൻ ഷംസീർ അറിയിച്ചു.