
സിനിമയിൽ പതിന്നാലു വർഷത്തിലേക്ക് കടക്കുന്ന യാത്രയിൽ അമല പോൾ
പുതുവർഷം നൽകുന്ന പ്രതീക്ഷ ?
പുതുതായി ജനിച്ച പോലെ പുതിയ ലോകത്ത് എത്തിയ പോലെ ഇപ്പോൾ തോന്നുന്നു. ഇതാണ് നല്ല സമയം.ഇനി അങ്ങോട്ട് നല്ല സമയമാണ്. അതിനാൽ പുതുവർഷം വലിയ പ്രതീക്ഷ നൽകുന്നു.
സ്വയം തിരിച്ചറിഞ്ഞ വർഷങ്ങളാണ് കഴിഞ്ഞുപോയത്. രണ്ടായിരത്തി ഇരുപതിലും ഇരുപത്തിയൊന്നിലും ഞാൻ  വീട്ടിനുള്ളിൽ തന്നെയായിരുന്നു. ഇരുപത്തിരണ്ടിലാണ് ക്രിസ്റ്റഫറിന്റെയും ടീച്ചറിന്റെയും ആടുജീവിതത്തിന്റെയും ഭാഗമായത് .
ബോളിവുഡ് സ്വപ്നം കണ്ടിരുന്നോ?
ആഗ്രഹിച്ചിരുന്നു. അതു സംഭവിച്ചതിൽ ഒരുപാട് സന്തോഷം. അജയ് ദേവ്ഗൺ നായകനും സംവിധായകനുമാവുന്ന ഭോൽ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് അരങ്ങേറ്രം. മികച്ച തുടക്കമെന്ന് കരുതുന്നു.അക്ഷയ് കുമാർ ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. കജോൾ ആണ് ആ ചിത്രം നിർമ്മിക്കുന്നത്. ബോളിവുഡിൽനിന്ന് മുൻപും അവസരം വന്നിരുന്നെങ്കിലും ഞാൻ തയ്യാറെടുപ്പിലല്ലായിരുന്നു. ഇപ്പോഴാണ് കൃത്യസമയം. രണ്ടുവർഷംമുൻപ് രഞ്ജീഷ് ഹി സഖി എന്ന വെബ് സീരിസ് ചെയ്തു. മഹേഷ് ഭട്ട് ആയിരുന്നു ക്രിയേറ്റീവ് ഡയറക്ടർ.അഭിനയിക്കുക മടങ്ങുക എന്നതായിരുന്നു ഇതുവരെ ചെയ്ത രീതി.എന്നാൽ ബോളിവുഡ് മറ്റൊരു മേഖലയാണ്.അഭിനയിക്കുന്ന സിനിമയുടെ ഭാഗമായി എപ്പോഴും ഉണ്ടാകണം.
മലയാളത്തിൽ അഞ്ചു വർഷത്തെ ഇടവേള എങ്ങനെ സംഭവിച്ചു?
2019 ൽ തമിഴിൽ കഡാവർ എന്ന ചിത്രം നിർമ്മിച്ചു. ആദ്യനിർമ്മാണ സംരംഭമായതിനാൽ അതിൽ പൂർണമായി മുഴുകി. പിന്നീട് കൊവിഡ് കാലം. പപ്പയുടെ മരണത്തെ തുടർന്ന് വീണ്ടും ബ്രേക്ക് വന്നു. തുടർന്ന് കഡാവറിന്റെ റിലീസ് ജോലികൾ. ഈ സമയത്തൊന്നും എന്നെ സ്വാധീനിച്ച കഥകൾ വന്നില്ല. നല്ല സിനിമയുടെ ഭാഗമാകണമെന്ന് വിചാരിച്ചിരുന്നപ്പോഴാണ് രണ്ടു വർഷം മുൻപ് വിവേക് ദ് ടീച്ചറുമായി വരുന്നത്. അത് ഒരു നല്ല സമയമായിരുന്നു. മലയാളത്തിൽ ഇതുവരെ നല്ല സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ട്.അഭിമാനമാണ് മലയാള സിനിമയുടെ ഭാഗമാകുന്നത്.ഒരുപാട് പ്രത്യേകത നിറഞ്ഞ കഥാപാത്രമായിരുന്നു ടീച്ചറിലെ ദേവിക.ശക്തമായ കഥാപാത്രം.ടീച്ചർ പ്രേക്ഷകർ സ്വീകരിച്ചതിൽ സന്തോഷമുണ്ട്.
തമിഴിലും ഇടവേള സംഭവിച്ചല്ലേ ?
മൂന്നു വർഷം മുൻപ് ആടി ആണ് തമിഴിൽ അവസാനം തിയേറ്റർ റിലീസ് ചെയ്ത ചിത്രം. കഡാവർ ഒ.ടി.ടിയിലാണ് റിലീസ് ചെയ്തത്. മലയാളത്തിൽ സിനിമ ചെയ്യണം. തമിഴിൽ ചെയ്യണം എന്ന് മുൻകൂട്ടി തീരുമാനമെടുക്കാറില്ല. അത് സംഭവിക്കുന്നതാണ്. അപ്പോൾ അതിനൊപ്പം പോവും. അല്ലാതെ എല്ലാവർഷവും മലയാളത്തിലും തമിഴിലും വരണമെന്ന് വിചാരിക്കാറില്ല. കരിയറിനെ അതിന്റെ ഇഷ്ടത്തിനൊപ്പം വിട്ടു അതിനൊപ്പം സഞ്ചരിക്കാനാണ് താത്പര്യം.
സംവിധാനം അമല പോൾ എന്ന് വായിക്കാൻ സാധിക്കുമോ?
ഇഷ്ടമാണ്. എഴുത്തും ഇഷ്ടമാണ്. നടിയായതുതന്നെ ആ ഇഷ്ടംകൊണ്ടാണ്. സംവിധാനത്തിന് അഭിനയത്തേക്കാൾ ഒരുപാട് പഠനവും മുന്നൊരുക്കവും ആവശ്യമാണ്. സംവിധാനം ചെയ്യാൻ സാഹചര്യവും സമയവും ഒത്തുവന്നാൽ അത് സംഭവിക്കും.
ആദ്യമായി മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും ചിത്രങ്ങളുടെ ഭാഗമായി ?
മമ്മുക്കയുടെ കൂടെ അഭിനയിക്കുക എന്റെ സ്വപ്നമായിരുന്നു. കുട്ടിക്കാലം മുതൽ ഞാൻ മമ്മുക്ക ഫാനാണ്. ക്രിസ്റ്റഫർ സിനിമയിൽ മമ്മുക്കയോടൊപ്പം ആരാധനയോടെ അഭിനയിച്ചു. നല്ല ഒരു സ്കൂൾ .ഒരു നടിയായി മാറിയതിനുപോലും മമ്മുക്ക എന്ന നടന്റെ സിനിമകൾ പങ്കുവഹിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. സിനിമയോട് വല്ലാത്ത പാഷനാണ് പൃഥ്വിക്ക്. ഒരുസിനിമ കഴിഞ്ഞാൽ എനിക്ക് ബ്രേക്ക് വേണം. പൃഥ്വി സിനിമയിൽത്തന്നെ ജീവിക്കുന്ന ആളാണ്. പൃഥ്വിയുടെ കൂടെ അഭിനയിക്കാൻ ആഗ്രഹിച്ചു. ആടുജീവിതത്തിൽ പുതിയ ഒരു പൃഥ്വിയെ കാണാൻ കഴിയും. അഭിനയിച്ചപ്പോൾ ഞാൻ നജീബിനെ മാത്രമേ കണ്ടുള്ളൂ.പൃഥ്വിയുടെയും ബ്ളെസി ചേട്ടന്റെയും ഒരുപക്ഷേ എന്റെയും കരിയറിൽ ആടുജീവിതം നാഴികക്കല്ലായിരിക്കും. ബ്ളെസി ചേട്ടന്റെ കൂടെ ജോലി ചെയ്യാൻ മുൻപേ ആഗ്രഹിച്ചതാണ്.