
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലാൻ ആഹ്വാനം ചെയ്ത കോൺഗ്രസ് നേതാവ് അറസ്റ്റിൽ. മദ്ധ്യപ്രദേശ് മുൻ മന്ത്രി രാജാ പടേരിയയെയാണ് ഇന്ന് പുലർച്ചെ അഞ്ചരയോടെ പിടിയിലായത്. മുതിർന്ന കോൺഗ്രസ് നേതാവായ പടേരിയയ്ക്കെതിരെ ഇന്നലെയാണ് മദ്ധ്യപ്രദേശ് പൊലീസ് കേസെടുത്തത്.
മദ്ധ്യപ്രദേശിലെ പന്നാ ജില്ലയിൽ കോൺഗ്രസ് നേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേയായിരുന്നു പട്ടേരിയയുടെ വിവാദ പരാമർശം. ‘‘ നരേന്ദ്ര മോദി തിരഞ്ഞെടുപ്പുകൾ നിർത്തലാക്കും. മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരിൽ രാജ്യത്തെ വിഭജിക്കും. രാജ്യത്തെ ദളിതരുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ജീവിതം അപകടത്തിലാണ്. ഭരണഘടന സംരക്ഷിക്കപ്പെടണമെങ്കിൽ മോദിയെ കൊല്ലാൻ തയ്യാറാവണം’’ എന്നായിരുന്നു പട്ടേരിയ പറഞ്ഞത്.
പരാമർശം വിവാദമായതോടെ, കൊല്ലുക എന്ന് അക്ഷരാർത്ഥത്തിൽ ഉദ്ദേശിച്ചിട്ടില്ലെന്നും വരുന്ന തിരഞ്ഞെടുപ്പിൽ മോദിയെ പരാജയപ്പെടുത്തുക എന്നാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. എന്നാൽ പരാമർശത്തെ ബി ജെ പി രൂക്ഷമായി വിമർശിച്ചിരുന്നു. കോൺഗ്രസിന് മുസോളിനിയുടെ ചിന്താഗതിയാണെന്നായിരുന്നു മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ പ്രതികരണം.