
ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തി സംഘർഷം ചർച്ച ചെയ്യാൻ പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഉന്നതതല യോഗം. വിദേശകാര്യ മന്ത്രി, സുരക്ഷാ ഉപദേഷ്ടാവ്, സംയുക്ത സേനാ മേധാവി എന്നിവർ പങ്കെടുക്കുന്നുണ്ട്. മൂന്ന് സേനാ തലവന്മാരും യോഗത്തിലുണ്ട്. അതിർത്തി സംഘർഷത്തിൽ പ്രതിപക്ഷം പാർലമെന്റിൽ നോട്ടീസ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് യോഗം നടക്കുന്നത്. അരുണാചൽ പ്രദേശിലെ തവാങ് സെക്‌ടറിൽ ഈമാസം 9നാണ് യഥാർത്ഥ നിയന്ത്രണ രേഖ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച ചൈനീസ് പട്ടാളക്കാരും ഇന്ത്യൻ സൈനികരുമായി ഏറ്റുമുട്ടലുണ്ടായത്.
അതേസമയം, അതിക്രമിച്ച് കടക്കാൻ ശ്രമിച്ച 200ലധികം ചൈനീസ് പട്ടാളക്കാർ കൂറ്റൻ വടികളും ആയുധങ്ങളും കൈവശം വച്ചതായി റിപ്പോർട്ട്. ഏറ്റുമുട്ടലിൽ ഇരുവിഭാഗത്തിനും പരിക്കേറ്റിരുന്നുവെങ്കിലും ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നാണ് ലഭ്യമായ വിവരം. എന്നാൽ ചൈനീസ് ഭാഗത്ത് പരിക്കേറ്റവരുടെ എണ്ണം ഉയരുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.