
തൃശൂർ: തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 15കാരൻ ആംബുലൻസ് ഓടിച്ചുപോയ സംഭവത്തിൽ സുരക്ഷാ വീഴ്ച പരിശോധിക്കുന്നു. ആശുപത്രി അധികൃതരുടെ നേതൃത്വത്തിലാണ് പരിശോധന. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവമുണ്ടായത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ആശുപത്രിയിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസ് എടുത്ത കുട്ടി ഏകദേശം എട്ട് കിലോമീറ്ററോളം സഞ്ചരിച്ചു. തുടർന്ന് ഒല്ലൂർ ആനക്കല്ലിൽ വച്ച് വാഹനം ഓഫായി പോയി. ഇവിടെ നിന്നാണ് കുട്ടിയെയും വാഹനത്തെയും പിടികൂടിയത്. സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഓൾ ഇന്ത്യ കിസാൻ സഭയുടെ റാലി നടക്കുന്ന സമയത്താണ് കുട്ടി ആംബുലൻസുമായി ഇറങ്ങിയത്. ജിപിഎസ് സംവിധാനമുള്ളതിനാലാണ് ആംബുലൻസ് കണ്ടെത്താനായത്. നിലവിൽ ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടില്ല. സുരക്ഷാ വീഴ്ച പരിശോധിച്ച ശേഷമാകും തുടർനടപടി.