police

ലക്‌നൗ: ഏഴുവർഷം മുൻപ് കൊല്ലപ്പെട്ടെന്ന് കരുതിയ യുവതി പൊലീസ് കസ്റ്റഡിയിൽ, കൊലപാതക കുറ്റത്തിന് ഭർത്താവ് ജയിലിൽ കിടന്നത് പതിനെട്ട് മാസം. ഉത്തർപ്രദേശിലാണ് സംഭവം. രണ്ടാം ഭർത്താവിനൊപ്പം കഴിയുകയായിരുന്ന ആരതി ദേവിയെന്ന യുവതിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആരതിയുടെ ആദ്യഭർത്താവ് സോനു സൈനി (32) ഒന്നരവർഷവും സുഹൃത്ത് ഗോപാൽ സൈനി (30) ഒൻപത് മാസവുമാണ് തടവിൽ കഴിഞ്ഞത്.


2015ലാണ് ഉത്തർപ്രദേശ് വൃന്ദാവനിലെ വാടകവീട്ടിൽ നിന്ന് ആരതിയെ കാണാതാവുന്നത്. രാജസ്ഥാനിലെ മെഹന്ദിപൂർ ബാലാജി ക്ഷേത്രത്തിൽവച്ച് കണ്ടുമുട്ടിയ സോനുവും ആരതിയും പ്രണയത്തിലാവുകയും തുടർന്ന് വീട്ടുകാരറിയാതെ വിവാഹിതരാവുകയും ചെയ്തിരുന്നു. വിവാഹശേഷം സോനുവിന്റെ സ്ഥലം തന്റെപേരിലാക്കണമെന്നും കുറച്ച് പണം വേണമെന്നും യുവതി ആവശ്യപ്പെട്ടു. സോനുവിന് ഇതിന് കഴിയാതെ വന്നതോടെ യുവതി വീടുപേക്ഷിച്ച് പോവുകയായിരുന്നു. പിന്നാലെ സോനു പലയിടത്തായി ഭാര്യയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

ഇതിനിടെ ദിവസങ്ങൾക്ക് ശേഷം മഥുരയിലെ മഗോര കനാലിൽ നിന്ന് ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. പോസ്റ്റുമോർട്ടം നടത്താനാകാതെ വന്നതോടെ പൊലീസ് മൃതദേഹം സംസ്കരിച്ചു. ആറുമാസത്തിന് ശേഷം മകളെ കാണാനില്ലെന്ന് കാട്ടി ആരതിയുടെ പിതാവ് സൂരജ് പ്രകാശ് ഗു‌പ്‌ത പൊലീസിൽ പരാതി നൽകാൻ എത്തിയപ്പോൾ കനാലിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്റെ ചിത്രങ്ങൾ പൊലീസ് ആരതിയുടെ പിതാവിനെ കാണിച്ചു. ചിത്രങ്ങൾ കണ്ട സൂരജ് മൃതദേഹം മകളുടേതാണെന്ന് സ്ഥിരീകരിക്കുകയും ആരതിയെ കൊലപ്പെടുത്തിയത് സോനുവും സുഹൃത്ത് ഗോപാലുമാണെന്ന് ആരോപിക്കുകയും ചെയ്തു.

2016ൽ സോനുവിനും ഗോപാലിനുമെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് 15,000 രൂപ പാരിതോഷികവും ലഭിച്ചിരുന്നു. ഏറെനാൾക്കുശേഷം അലഹബാദ് ഹൈക്കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചു. പിന്നാലെ ആറുവർഷത്തെ തിരച്ചിലിനൊടുവിൽ കാണാതായ യുവതിയെ കണ്ടെത്തിയ സോനുവും ഗോപാലും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.