
വളർത്തുമൃഗങ്ങളെ വീട്ടിലെ അംഗങ്ങളെപ്പോലെ കാണുന്ന ഒരുപാട് പേരുണ്ട്. വളർത്തു നായയുടെ ജന്മദിനം ആഘോഷിക്കുന്നതിന്റെയും, അവയ്‌ക്കൊപ്പം കളിക്കുന്നതിന്റെയും ഭക്ഷണം കൊടുക്കുന്നതിന്റെയുമൊക്കെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.
തന്റെ പ്രിയപ്പെട്ട വളർത്തുനായയുടെ ബേബി ഷവർ ആഘോഷിക്കുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. സുജാത ഭാരതി എന്ന യുവതിയുടെ ബീഗിൾ ഇനത്തിൽപ്പെട്ട നായയാണ് ഗർഭിണിയായത്.
പ്രിയപ്പെട്ട വളർത്തുനായയെ പട്ടുവസ്ത്രം പുതപ്പിച്ച്, നെറ്റിയിൽ തിലകം ചാർത്തി, മാലയും വളയും അണിയിച്ച് യുവതി നായയെ അണിയിച്ചൊരുക്കുകയാണ്. തുടർന്ന് സ്വാദിഷ്ടമായ ഭക്ഷണവും നൽകുന്നു. മറ്റ് തെരുവുനായകൾക്ക് യുവതി ഭക്ഷണം നൽകുന്നതും വീഡിയോയിലുണ്ട്. ഐസ്ക്രീം അടക്കമുള്ള ഭക്ഷണങ്ങൾ ആസ്വദിച്ചുകഴിക്കുകയാണ് തെരുവ് നായകൾ.