
ന്യൂഡൽഹി: തവാംഗ് സെക്ടറിലെ സംർഷത്തിന് മുമ്പ് ആകാശമാർഗവും ചൈനയുടെ പ്രകോപനമുണ്ടായതായി സൈനിക വൃത്തങ്ങൾ. രണ്ട് തവണ ചൈനീസ് ഡ്രോണുകൾ യഥാർത്ഥ നിയന്ത്രണ രേഖയിലേയ്ക്ക് കടക്കാൻ ശ്രമിച്ചിരുന്നുവെന്നും ഈ ശ്രമങ്ങൾ വ്യോമസേനയുടെ ജെറ്റുകൾ തകർക്കുകയായിരുന്നുവെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, വിഷയത്തിൽ രാജ്യസഭയിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്. ഈ വിഷയത്തിൽ ചർച്ച വേണമെന്ന് പ്രതിപക്ഷം ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. ബഹളം ശക്തമായതോടെ സഭ 12 മണിവരെ നിർത്തിവച്ചു. പ്രതിരോധമന്ത്രി സഭയിലെത്തി പ്രസ്താവന നടത്തുന്നവതുവരെയാണ് സഭ നിർത്തിവച്ചിരിക്കുന്നത്.
രാജ്യസഭയിൽ തൃണമൂൽ എംപി ഡെറിക് ഒബ്രയാൻ, കോൺഗ്രസ് എംപി പി ചിദംബരം തുടങ്ങിയവർ ചർച്ച ആവശ്യപ്പെട്ടു. പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയ്ക്ക് മുമ്പ് ചർച്ച വേണമെന്നായിരുന്നു ആവശ്യം. പറ്റില്ലെങ്കിൽ പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷം ചർച്ച നടത്തുമോയെന്ന് വ്യക്തമാക്കാൻ സ്പീക്കറോട് പറഞ്ഞു. എന്നാൽ സ്പീക്കർ നിലപാടെടുത്തില്ല. ഇതോടെ ഇപ്പോൾ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയാണ്.