shine-tom-chacko

ജീവിതത്തിൽ സിനിമയല്ലാതെ മറ്റൊന്നുമില്ലെന്ന് നടൻ ഷൈൻ ടോം ചാക്കോ. സിനിമയ്ക്കുവേണ്ടി വീട്ടുകാരെപ്പോലും മറന്നുജീവിക്കുകയാണെന്നും സ്വന്തം ആത്മാവിനെയാണ് ഒരാൾ തൃപ്‌തിപ്പെടുത്തേണ്ടതെന്നും നടൻ വ്യക്തമാക്കി.

മക്കളുടെ ഭാവി നന്നായി കാണാൻ വേണ്ടിയാണ് വീട്ടുകാർ അവരെ വളർത്തുന്നത്. സിനിമ നഷ്ടപ്പെടുത്തി വീട്ടുകാർക്കൊപ്പം ജീവിക്കാൻ സാധിക്കില്ല. സിനിമയല്ലാതെ മറ്റൊന്നുമില്ല. അതുകൊണ്ടാണ് വിവാഹ ബന്ധം വരെ കാത്തുസൂക്ഷിക്കാൻ കഴിയാത്തത്. ജീവിതത്തിൽ എപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് താനെന്നും അതിന്റെ പകുതി മാത്രമേ ക്യാമറയിൽ കാണിക്കുന്നുള്ളൂവെന്നും നടൻ പറയുന്നു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷൈൻ.

മാതാപിതാക്കളോടും അനുജനോടും അനുജത്തിയോടുമുള്ള ബന്ധത്തിൽ ഞാൻ പരാജയമാണ്. ക്യാമറയ്ക്ക് മുന്നിൽ സന്തോഷമായി നിൽക്കാൻ വേണ്ടിയാണ് അത്തരത്തിൽ പരാജയപ്പെടുന്നത്. വീട്ടുകാർ നമ്മളോടൊപ്പം എത്ര വർഷം ഉണ്ടാകും? നമ്മൾ നമ്മുടെ ആത്മാവിനെ മാത്രമാണ് കൂടെക്കൊണ്ടുപോകുന്നത്. - നടൻ പറഞ്ഞു.

സിനിമ ഇഷ്ടപ്പെടുന്നവർക്ക് അത് ചെയ്യാൻ വളരെ എളുപ്പമാണെന്നും നടൻ അഭിപ്രായപ്പെട്ടു. ഇഷ്ടപ്പെട്ട ജോലി ചെയ്ത് കോടികൾ സമ്പാദിക്കുന്നത് നല്ലതല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. 'ഞാൻ കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ച് വലിച്ചെന്ന് പറയുന്നവർ അത് ആരാണ് കൃഷി ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? കഞ്ചാവ് കച്ചവടം ചെയ്യുന്നവരെ പിടിക്കുന്നില്ല. പിള്ളേര് വലിക്കുന്നതാണ് കുറ്റം.'- ഷൈൻ ടോം ചാക്കോ പറഞ്ഞു.