udayanidhi-stalin

ചെന്നൈ: കരുണാനിധി കുടുംബത്തിന്റെ ചിന്നവർ ഉദയനിധി സ്‌റ്റാലിൻ നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയാണ്. മുത്തച്ഛന്റെയും അച്ഛന്റെയും പാത പിന്തുടർന്ന് രാഷ്‌ട്രിയത്തിലേക്ക് എത്തിയ ഉദയനിധിക്കായി കാത്തുവച്ചിരിക്കുന്നത് സുപ്രധാന വകുപ്പുകൾ തന്നെയാണെന്നാണ് സൂചന. അതെന്താണെന്ന് അറിയാൻ തമിഴകം കുറച്ചുനേരം കൂടി കാത്തിരിക്കേണ്ടതുണ്ട്. രാവിലെ 9.30ന് രാജ്‌ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആർ.എൻ രവി സത്യവാചകം ചൊല്ലിക്കൊടുക്കും.

മുത്തച്ഛൻ കരുണാനിധിയുടെ മണ്ഡലമായിരുന്ന ചെപ്പോക്ക്- തിരുവല്ലിക്കെനി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ഉദയനിധി സ്‌റ്റാലിൻ. മുത്തച്ഛന്റെ നിഴലായി നാലു പതിറ്റാണ്ടോളം തന്റെ അച്ഛൻ നിന്നത് ആവർത്തിക്കാൻ ഒട്ടും താൽപര്യമുള്ളയാളല്ല ഉദയനിധി. അതുകൊണ്ടുതന്നെയാണ് മുത്തച്ഛൻ കരുണാനിധിയുടെ മരണത്തിന് ശേഷം തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുവാൻ ചിന്നവർ തീരുമാനിച്ചതും. ഒരു പക്ഷേ സ്‌റ്റാലിനേക്കാളും കൂടുതൽ മകന്റെ രാഷ്‌ട്രീയ പ്രവേശത്തിന് ആഗ്രഹിച്ചത് ഉദയനിധിയുടെ അമ്മ ദുർഗയാണ്.

udaynidhi-stalin-

എന്നാൽ ഡിഎംകെയിൽ നിലനിൽക്കുന്ന കുടുംബവാഴ്‌ചയുടെ ഭാഗമാക്കി മകനെ മാറ്റാൻ താൽപര്യമില്ലാതിരുന്ന സ്‌റ്റാലിൻ അദ്യഘട്ടത്തിൽ ഉദയനിധിയുടെ രാഷ്‌ട്രീയ പ്രവേശത്തോട് വിമുഖത കാട്ടിയിരുന്നു. തിരഞ്ഞെടുപ്പിലേക്കൊന്നും ഉടനെ ഇറങ്ങണ്ടെന്നായിരുന്നു അദ്ദേഹം മകന് നൽകിയ ഉപദേശം. പകരം മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ക്യാംപയിനുകൾ നടത്താൻ അനുമതി നൽകി. അതിൻ പ്രകാരം ചെപ്പോക്ക് മണ്ഡലത്തിൽ ഉദയനിധി പ്രചരണം ആരംഭിക്കുകയായിരുന്നു.

എന്നാൽ വീട്ടിലെ സമ്മർദ്ദം സ്‌റ്റാലിനെ പുനർചിന്തനത്തിന് വിധേയനാക്കി. മാത്രമല്ല പാർട്ടിയിൽ യുവജനങ്ങൾക്ക് പ്രാമുഖ്യം ലഭിക്കാൻ ഉദയനിധിയുടെ വരവോടെ കഴിയുമെന്ന തീരുമാനത്തിൽ ഡിഎംകെ നേതൃത്വം എത്തി. അങ്ങനെ 2019ൽ ഡിഎംകെയുടെ യൂത്ത് വിംഗ് പ്രസിഡന്റായാണ് ഉദയനിധി രാഷ്‌ട്രീയവരവ് അറിയിച്ചത്.

stalin-family

കഴിഞ്ഞവർഷം നടന്ന തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിൽ ഡിഎംകെ അധികാരത്തിലേറിയപ്പോൾ ചെപ്പോക്കിൽ നിന്ന് അറുപതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉയദനിധി വിജയിച്ചത്. നടൻ എന്ന പ്ളസ് പോയിന്റും വിജയത്തിന് തിളക്കമേകി. തുടക്കത്തിൽ തന്നെ ഉദയനിധി പ്രതീക്ഷ തെറ്റിച്ചില്ല. എംഎൽഎ എന്ന നിലയിൽ പേരെടുത്തു. കൊവിഡാനന്തര കാലത്തും പ്രളയ കാലത്തും മണ്ഡലത്തിൽ ഉദയനിധി നടത്തിയ പ്രവർത്തനങ്ങൾ പരക്കെ കയ്യടി നേടുകയും ചെയ‌്തു. ഇപ്പോഴിതാ ചുരുങ്ങിയ കാലംകൊണ്ടുതന്നെ തമിഴ്‌നാടിന്റെ മന്ത്രിസഭയിലും അംഗമാകാൻ പോകുന്നു ചിന്നവർ.

ഇക്കഴിഞ്ഞ നവംബർ 27ന് 45 വയസ് തികഞ്ഞിരുന്നു ഉദയനിധിക്ക്. അന്ന് മാദ്ധ്യമങ്ങൾക്ക് മുന്നിൽ അദ്ദേഹം പ്രതികരിച്ചത് കമലഹാസൻ ചിത്രത്തോടു കൂടി സിനിമയ്‌ക്ക് വിട നൽകുമെന്നും, ഇനി തന്റെ ശ്രദ്ധ മുഴുവനും രാഷ്ട്രീയത്തിൽ ആയിരിക്കുമെന്നതായിരുന്നു. അന്നുതന്നെ അണികളും കണക്കുകൂട്ടി ചിന്നവർ ഉടനെ മന്ത്രിസഭയിലേക്ക് എത്തുമെന്ന്. അടുത്ത വർഷം ഉദയനിധി പിറന്നാൾ ആഘോഷിക്കുന്നത് മന്ത്രി എന്ന നിലയിൽ കൂടി ആയിരിക്കുമെന്ന് അദ്ദേഹത്തിന്റെ ആത്മസുഹൃത്തും തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയുമായ അൻപിൽ മഹേഷ് പൊയ്യാമൊഴിയും പ്രഖ്യാപിക്കുകയുണ്ടായി.

uday

താൻ ഒരു നല്ല രാഷ്‌ട്രീയക്കാരൻ ആണെന്ന് തെളിയിക്കാൻ ഉദയനിധിക്ക് സമയം ആയി വരുന്നതേയുള്ളൂ. ചിന്നവർ തങ്ങളുടെ പ്രതീക്ഷ കാക്കുമെന്ന് തന്നെയാണ് ഡിഎംകെ അണികളുടെ വിശ്വാസം. ഭാവിയിൽ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകാനുള്ള എല്ലാ ഗുണവിശേഷങ്ങളും ഉദയനിധിക്കുണ്ടെന്ന് അവർ കരുതുന്നു. 'ഉദിച്ചുയരുന്ന മകൻ' എന്നാണ് ഡിഎംകെ ഉദയനിധിയെ വിശേഷിപ്പിക്കുന്നത്.

സുപ്രധാന വകുപ്പ് തന്നെ ലഭിക്കുമെന്ന് ഉറപ്പ്

ഏതു വകുപ്പുകളായിരിക്കും ഉദയനിധിക്കു ലഭിക്കുകയെന്നതാണ് ഇപ്പോഴത്തെ ചർച്ച. പൊതുജന ക്ഷേമകാര്യ വകുപ്പോ, കായിക, യുവജനകാര്യ വകുപ്പോ ഉദയനിധിക്കു ലഭിക്കുമെന്നാണ് സൂചന. നിലവിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്. സർക്കാരിന്റെ അഭിമാന പദ്ധതികളെല്ലാം ഈ വകുപ്പിനു കീഴിലാണ്. അങ്ങനെയെങ്കിൽ മന്ത്രിസഭയിൽ ചില അഴിച്ചു പണികൾക്ക് സ്‌റ്റാലിൻ തയ്യാറായേക്കും. എന്നാൽ ആരെയും മാറ്റാൻ അദ്ദേഹം തീരുമാനമെടുക്കില്ലെന്നാണ് സൂചന.