
ലക്‌നൗ: പ്രതിശ്രുത വധുവിനോട് പേരും മതവും മറച്ചുവച്ച യുവാവ് വിവാഹത്തിന്റെ തലേദിവസം പിടിയിൽ. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. യുവതിയോട് ആഷിശ് താക്കൂർ എന്ന് സ്വയം പരിചയപ്പെടുത്തിയ ഹസീൻ സൈഫിയാണ് കഴിഞ്ഞ ഞായറാഴ്ച പൊലീസിന്റെ പിടിയിലാവുന്നത്. ഇന്നലെയായിരുന്നു ഇയാളുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
ഗ്രേറ്റർ നോയിഡയിലെ ദാദ്രിയിൽ താമസിക്കുന്നതിനിടെയാണ് ഹസീനും യുവതിയും സൗഹൃദത്തിലാവുന്നത്. ഇതിനിടെ യുവതിയ്ക്ക് തൊഴിൽ നഷ്ടമാവുകയും ഇത് മുതലെടുത്ത് സഹീൻ യുവതിയുമായി കൂടുതൽ അടുക്കുകയും ചെയ്തു. പിന്നാലെ യുവതിയുമൊത്ത് ഇയാൾ ദാദ്രിയിലെ ഒരു ഫ്ളാറ്റിലേയ്ക്ക് താമസം മാറി. തുടർന്ന് ഇയാൾ യുവതിയുമൊത്ത് ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ദൃശ്യങ്ങൾ പകർത്തി വിവാഹം കഴിക്കാൻ നിർബന്ധിക്കുകയുമായിരുന്നു.
ഹസീന്റെ പിതാവ് ഷക്കീൽ സൈഫി മകനെ അന്വേഷിച്ച് ഫ്ളാറ്റിൽ എത്തിയപ്പോഴാണ് കള്ളം പുറത്താവുന്നത്. ഈ സമയം യുവതിയും ഹസീനും വീട്ടിലില്ലായിരുന്നു. തുടർന്ന് ഷക്കീൽ അയൽക്കാരോട് വിവരം തിരക്കി. ഫ്ളാറ്റിൽ താമസിക്കുന്നത് ആഷിശ് എന്ന യുവാവാണെന്നും ഹസീൻ അല്ലെന്നും അയൽക്കാർ പിതാവിനെ അറിയിച്ചു. ഇതേത്തുടർന്നാണ് യുവതി ഹസീനെക്കുറിച്ച് മനസിലാക്കുന്നത്. പിന്നാലെ വിവാഹം ഉപേക്ഷിച്ച യുവതി പൊലീസിൽ പരാതി നൽകുകയും ഹസീൻ അറസ്റ്റിലാവുകയുമായിരുന്നു. നിർബന്ധിത മതപരിവർത്തനം, ബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.