
തിരുവനന്തപുരം: ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്ന ബില്ല് നിയമസഭയിൽ. ബില്ല് പരിഗണനയ്ക്കെടുക്കാനുള്ള പ്രമേയം നിയമമന്ത്രി പി രാജീവ് അവതരിപ്പിച്ചു. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ലാണ് ഇന്ന് ചർച്ച ചെയ്ത് പാസാക്കുന്നത്. ഗവർണർക്ക് പകരം പ്രമുഖരായ വിദ്യാഭ്യാസ വിചക്ഷണരെ ചാൻസലറാക്കണം എന്നാണ് ബില്ലിലെ നിർദ്ദേശം. വിസി ഇല്ലെങ്കിൽ പകരം ചുമതല പ്രോ വിസിക്കോ മറ്റ് സർവകലാശാല വിസിമാർക്കോ നൽകും എന്നായിരുന്നു കരട് ബില്ലിലെ വ്യവസ്ഥ.
എല്ലാ സർവകലാശാലകൾക്കുമായി ഒറ്റ ചാൻസലർ വേണമെന്നാണ് പ്രതിപക്ഷ നിലപാട്. വിരമിച്ച സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാൻസലർ ആകണം. നിയമനത്തിന് പ്രത്യേക സമിതി രൂപീകരിക്കണം .മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്നതാകണം സമിതി.സമിതിയുടെ ഭൂരിപക്ഷാഭിപ്രായമനുസരിച്ച് ചാൻസലറെ നിയമിക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്.