farmer

ധർമപുരി: തന്റെ വീട്ടിൽ ഹെലികോപ്ടർ ഇറക്കാൻ അനുവദിക്കണമെന്ന അപേക്ഷയുമായി കർഷകൻ കളക്ടറേറ്റിനു മുന്നിൽ. തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലെ കർഷകൻ ഗണേശനാണ് (57) തന്റെ രണ്ട് പെൺമക്കളും, ഭാര്യയുമായി കളക്ടറേറ്റിൽ എത്തിയത്.

ഗണേശന് ഹെലികോപ്ടർ ഒന്നുമില്ല. എന്നാൽ ഒരു മകളുടെ കെെയിൽ ഒരു ഹെലികോപ്ടർ കളിപ്പാട്ടവും അടുത്ത മകളുടെ കെെയിൽ ഹെലികോപ്ടറിന്റെ ചിത്രവും ഉണ്ടായിരുന്നു. തന്റെ അവസ്ഥ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഇത്തരമൊരു അപേക്ഷ ഗണേശൻ നൽകിയത്.

കരമാർഗം തന്റെ വീട്ടിലേയ്ക്ക് പോകാൻ സാധിക്കാത്ത അവസ്ഥയാണെന്നാണ് ഗണേശൻ പറയുന്നത്. വീട്ടിലേയ്ക്ക് പോകാൻ സാധിക്കാത്ത സാഹചര്യത്തിൽ ഒരു ബന്ധുവിന്റെ വീട്ടിലാണ് കഴിഞ്ഞ നാല് മാസമായി ഇവ‌ർ താമസിക്കുന്നത്. ഈ കാര്യം ചൂണ്ടിക്കാട്ടി പൊലീസും റവന്യു ഉദ്യോഗസ്ഥർക്കും പരാതി നൽകിയതാണ്. എന്നാൽ നടപടിയുണ്ടായില്ല. വീട്ടിലെത്തണമെങ്കിൽ വായുമാർഗം മാത്രമേ സാധിക്കുകയുള്ളു എന്ന അവസ്ഥയിലാണ് ഇങ്ങനെ ഒരു അപേക്ഷ നൽകാൻ തീരുമാനിച്ചത്.