
ഇരുട്ടിനെയും, വ്യക്തികളെയും, പ്രേതത്തെയുമൊക്കെ പേടിയുള്ള കുട്ടികളുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികളിൽ ഭയം എന്ന വികാരം ഉണ്ടാകുന്നു. എട്ടോ ഒൻപതോ മാസമാകുമ്പോൾ തന്നെ പരിചയമില്ലാത്തവർ എടുക്കാൻ ശ്രമിക്കുമ്പോൾ ചില കുട്ടികൾ കരയാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഒരിക്കലും കുട്ടിയെ പിടിച്ചുവലിച്ച് എടുക്കാൻ നോക്കരുത്. കുറച്ച് സമയം അവർക്കൊപ്പം ചെലവഴിച്ച് അവരിലെ പേടി മാറ്റിയിട്ടേ എടുക്കാവൂ.
ഇരുട്ട് പേടിയുള്ള കുട്ടിയെ ഒറ്റയ്ക്ക് ഇരുട്ട് മുറിയിലിട്ട് കതകടക്കരുത്. ഇത് പ്രശ്നങ്ങളുണ്ടാക്കും. പകരം പതിയെ അവന്റെ പേടി മാറ്റിയെടുക്കണം. കുട്ടികളുടെ ഇത്തരത്തിലുള്ള ഭയത്തെ കളിയാക്കുകയോ വഴക്കുപറയുകയോ ചെയ്യരുത്. എന്തിനാണ് പേടിക്കുന്നത് ഞങ്ങളില്ലേ ഒന്നും സംഭവിക്കില്ല എന്ന ആത്മവിശ്വാസം അവനിൽ വളർത്തിയെടുക്കാൻ ശ്രമിക്കണം.
എന്തുകൊണ്ടാണ് അവനിൽ പേടി വന്നതെന്ന് ചോദിച്ച് മനസിലാക്കുക. പേടി സ്വാഭാവികമായ വികാരമാണ്. എന്നാൽ ഒരു പരിധിയിൽ കൂടുതലുണ്ടെങ്കിൽ മനശാസ്ത്രജ്ഞന്റെ സഹായം തേടുന്നതായിരിക്കും അഭികാമ്യം.