
ദോഹ: എക്കാലത്തെയും മികച്ച ഫുട്ബാൾ കളിക്കാരിൽ ഒരാളാണ് ലയണൽ മെസി. ഇതുവരെ താരത്തിന് ഫിഫ ലോകകപ്പ് നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഇത്തവണ അതിനു കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സൗദി അറേബ്യയ്ക്കെതിരായ ആദ്യ മത്സരത്തിലെ ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം അർജന്റീന ഖത്തർ ഫിഫ ലോകകപ്പിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. തോൽവിക്കുശേഷം ടൂർണമെന്റിൽ ഇതുവരെയുള്ള എല്ലാ മത്സരങ്ങളും ജയിച്ച് അർജന്റീന സെമിയിൽ പ്രവേശിച്ചു.
എന്നാൽ കിരീടം നേടിയാലും ഇല്ലെങ്കിലും ഇത് തന്റെ അവസാനത്തെ ലോകകപ്പ് ആയേക്കുമെന്ന് ലയണൽ മെസി മുമ്പ് സൂചന നൽകിയിരുന്നു. അതുകൊണ്ടുതന്നെ ഫിഫ ലോകകപ്പിന് ശേഷം മെസി അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അർജന്റീനയുടെ കോച്ച് ലയണൽ സ്‌കലോനി.
' അദ്ദേഹം തുടർന്നും കളിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അത് സംഭവിക്കുമോ എന്ന് നമുക്ക് നോക്കാം. ഞങ്ങൾ അദ്ദേഹത്തിന്റെ കളി ആസ്വദിക്കുന്നത് തുടരും, ഫുട്ബാൾ ലോകത്തിൽ സംഭവിക്കാവുന്ന ഏറ്റവും മികച്ച കാര്യമാണ് മെസി എന്ന ഇതിഹാസമെന്ന്' ലയണൽ സ്‌കലോനി പറഞ്ഞു. ക്രൊയേഷ്യയ്ക്കെതിതിരായ മത്സരം വളരെ കടുപ്പമായിരിക്കുമെന്ന് സ്‌കലോനി അറിയിച്ചു.
ലോകകപ്പ് സെമിഫെെനലിൽ ക്രൊയേഷ്യക്കെതിരെ കളിക്കാനിറങ്ങുമ്പോൾ മെസിയെ കാത്തിരിക്കുന്നത് മറ്റു പല അപൂര്‍വനേട്ടങ്ങളാണ്. ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമെന്ന ജർമനിയുടെ ലോതർ മത്തേയൂസിന്റെ റെക്കോഡിനൊപ്പമെത്തും. ഇരുവർക്കും 25 മത്സരങ്ങളാകും. ഇരുതാരങ്ങളും അഞ്ചു ലോകകപ്പുകളിലാണ് കളിച്ചത്. കൂടാതെ ഇനി ഒരു ഗോൾ കൂടി നേടിയാൽ ലോകകപ്പിൽ അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാകും മെസി.
അർജന്റീന - ക്രൊയേഷ്യ സെമി ഫൈനൽ ഇന്ന് രാത്രി
ഖത്തർ ലോകകപ്പിലെ ഫൈനലുറപ്പിക്കാൻ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രാർത്ഥനകൾ കാലുകളിൽ ആവാഹിച്ച് ലയണൽ മെസിയുടെ അർജന്റീനയും അടങ്ങാത്ത പോരാട്ട വീര്യം കൈമുതലാക്കി ലൂക്ക മൊഡ്രിച്ചിന്റെ ക്രൊയേഷ്യയും ഇന്ന് നേർക്കുനേർ. ലുസെയിൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12.30 മുതലാണ് അർജന്റീനയും ക്രൊയേഷ്യയും തമ്മിലുള്ള സെമി ഫൈനൽ പോരാട്ടം.
പെനാൽറ്റ ഷൂട്ടൗട്ടോളം നീണ്ട ക്വാർട്ടറിൽ ഹോളണ്ടിന്റെ വലിയ വെല്ലുവിളി മറികടന്നാണ് അർജന്റീന സെമി ഉറപ്പിച്ചത്. ഒന്നാം റാങ്കുകാരും ഏറ്റവും കൂടുതൽ തവണ ലോകകപ്പ് സ്വന്തമാക്കിയിട്ടുമുള്ള ബ്രസീലിനെ ക്വാർട്ടറിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ മലർത്തിയടിച്ചാണ് ക്രൊയേഷ്യ അവസാന നാലിൽ ഇടം നേടിയത്.