
പ്രകൃതിദത്തമായ രീതിയിൽ മുടിയ്ക്ക് നിറം നൽകാൻ വേണ്ടിയാണ് നമ്മൾ മൈലാഞ്ചി തലയിൽ തേക്കുന്നത്. നല്ല തിളക്കം കിട്ടാനും താരൻ അകറ്റാനുമൊക്കെ മൈലാഞ്ചി സഹായിക്കും. മുടിയുടെ വളർച്ചയ്ക്കും ഇത് വളരെ ഉപകാരപ്രദമാണ്. തലയിലെ ചൊറിച്ചിൽ മാറ്റാനും ഇത് സഹായിക്കുന്നു.
മിക്കവരും ഹെന്ന മാർക്കറ്റിൽ നിന്ന് വാങ്ങുകയാണ് ചെയ്യുന്നത്. എന്നാൽ വീട്ടിലിരുന്ന്, പോക്കറ്റ് കാലിയാകാതെ ഒരു കെമിക്കലും ഉപയോഗിക്കാതെ തലയിൽ ഹെന്നയിടാൻ സാധിച്ചാൽ അതല്ലേ ഏറ്റവും നല്ലത്. മൈലാഞ്ചി ഇലയും തേയില വെള്ളവും മാത്രമാണ് ആവശ്യം.
മൂത്ത മൈലാഞ്ചി ഇലകൾ ഉണക്കിപ്പൊടിച്ച് അരിച്ചെടുക്കുക. കടുപ്പത്തിലുള്ള തേയില വെള്ളത്തിൽ ചാലിച്ച് കട്ടകളില്ലാതെ യോജിപ്പിച്ച് ഒരു രാത്രി മുഴുവൻ വയ്ക്കുക. പിറ്റേന്ന് ഇത് മുടിയിൽ നന്നായി തേച്ച് പിടിപ്പിക്കുക. ഒന്നരമണിക്കൂറിന് ശേഷം കഴുകിക്കളയാം.നീർദോഷമുള്ളവർ കുളി കഴിഞ്ഞ ശേഷം രാസ്നാദിപ്പൊടി നെറുകയിൽ തിരുമ്മുക.