
നിരവധി പേരാണ് ജ്യോതിഷം പോലെ തന്നെ ഹസ്തരേഖാ ശാസ്ത്രത്തെ വിശ്വസിക്കുന്നത്. കൈകളിലേയ്ക്ക് നോക്കിയാൽ ഒരു വ്യക്തിയുടെ വിവാഹം, പ്രണയം, ജോലി തുടങ്ങിയ കാര്യങ്ങളും അറിയാൻ സാധിക്കും എന്നതാണ് ഈ ശാസ്ത്രത്തിന്റെ പ്രത്യേകത. കൈവിരലുകളുടെ ആകൃതി, നീളം, രേഖകൾ എന്നിവ നിരീക്ഷിച്ച് ഭാവിയെപറ്റി അറിയുന്നത് എങ്ങനെയെന്ന് നോക്കാം. പ്രധാനമായും നാല് തരം ആകൃതിയിലുള്ള വിരലുകളാണ് മനുഷ്യർക്കുള്ളത്. കോൺ, സൂച്യാഗ്ര, ചതുരം,ചട്ടുകാകൃതി എന്നിവയാണ് അവ. വിരലിന്റെ ആകൃതികളും പ്രണയവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നോക്കാം.
കോൺ ആകൃതി
എല്ലാ കാര്യത്തിലും എടുത്തുചാട്ടമുള്ള ഇവർക്ക് നല്ല ഭാവനയുണ്ടാകും. അതുകൊണ്ടുതന്നെ വളരെ വേഗം പ്രണയത്തിലെത്തുന്ന ഇവർ അതേ വേഗത്തിൽ തന്നെ പ്രണയം ഉപേക്ഷിക്കാനും ഇടയുണ്ട്. ഒരേസമയം ഒന്നിലധികം പ്രണയബന്ധങ്ങളുണ്ടാകാൻ സാദ്ധ്യതയുള്ള ഇവർ അതിശയിപ്പിക്കുന്ന രീതിയിൽ ആത്മാർത്ഥത പ്രകടിപ്പിക്കുന്നവരായിരിക്കും.
സൂച്യാഗ്ര ആകൃതി
സ്വപ്ന ജീവികളായ ഇവർ പ്രണയ ലോകത്ത് വിഹരിക്കുന്നവരാണ്. എന്നാൽ പ്രായോഗിക കാര്യങ്ങളിലേയ്ക്ക് എത്തുമ്പോൾ ഇവർ പരാജയപ്പെടാറാണ് പതിവ്. അതുകൊണ്ട് തന്നെ ധൈര്യക്കുറവ് കാരണം പ്രണയം പരാജയപ്പെടാറാണ് പതിവ്.
ചതുരാകൃതി
പഴയ ചിന്താഗതികൾ കർക്കശമായി പിന്തുടരുന്നവരാണ് ഇക്കൂട്ടർ. പുതിയ കാര്യങ്ങളോട് പൊരുത്തപ്പെടാൻ സാധിക്കാത്ത ഇവർക്ക് നല്ലൊരു പ്രണയം ഉണ്ടാകാനുള്ള സാദ്ധ്യതയും കുറവാണ്.
ചട്ടുകാകൃതി
അന്ധമായി പ്രണയിക്കുന്ന ഇക്കൂട്ടർ തിരിച്ചും അതേരീതിയിൽ പ്രണയം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. തിരിച്ച് പ്രണയം ലഭിച്ചില്ലെങ്കിൽ ആ ബന്ധം ഉപേക്ഷിക്കാനും ഇവർ മടികാട്ടാറില്ല. ഒരു സമയം ഒരു പ്രണയം മാത്രമുള്ളവരാണെങ്കിലും എപ്പോഴും പ്രണയബന്ധങ്ങള്‍ മാറുന്ന ആളുകളായിരിക്കും.