ഏതുരുചിയിൽ പാകം ചെയ്താലും മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള വിഭവമാണ് ബീഫ്. ബീഫ് റോസ്റ്റ്, ബീഫ് ഡീപ് ഫ്രൈ, ബീഫ് കറി എന്നിങ്ങനെ വ്യത്യസ്ത രുചിയിലെ ബീഫ് വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്. ഇത്തവണ അധികമാർക്കും കേട്ടുകേൾവിയില്ലാത്ത ഒരു വെറൈറ്റി വിഭവമാണ് സോൾട്ട് ആന്റ് പെപ്പറിൽ തയ്യാറാക്കുന്നത്. 'ബീഫ് കോലൻ' എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
ആദ്യം ചീനച്ചട്ടി അടുപ്പത്ത് വച്ച് ബീഫ് നീളത്തിന് അരിഞ്ഞതിൽ വെള്ളം, കുറച്ച് മഞ്ഞൾപ്പൊടി, കുറച്ച് കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അടച്ചുവച്ച് വേവിക്കണം. അടുത്തതായി കുറച്ച് ഇഞ്ചി, കുറച്ച് ചെറിയ ഉള്ളി, പച്ചമുളക്, പുതിനയില, മല്ലിയില എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കണം.
ചീനച്ചട്ടി അടുപ്പത്ത് വച്ച് കുറച്ച് എണ്ണയൊഴിച്ച് ചൂടാക്കി കുറച്ച് കറുവാപ്പട്ട, തക്കോലം, ഏലയ്ക്ക് എന്നിവ ചേർത്ത് മൂപ്പിച്ചതിനുശേഷം അതിലേയ്ക്ക് നേരത്തെ അരച്ചുവച്ചിരിക്കുന്ന കൂട്ട് ചേർക്കണം. ഇത് നന്നായി ഇളക്കിയതിനുശേഷം പൊടിച്ച വറ്റൽമുളക് ചേർത്തുകൊടുക്കാം. ഇത് പാത്രത്തിന്റെ വശത്തേയ്ക്ക് മാറ്റി കുറച്ച് എണ്ണ ഒഴിച്ച് ഏഴെട്ട് അല്ലി വെളുത്തുള്ളി മൂപ്പിച്ചെടുക്കണം. ഇതും അരച്ച കൂട്ടും ചേർത്തിളക്കിയതിന് ശേഷം കശുവണ്ടി അരച്ചത് ചേർത്തിളക്കാം. ഇതിലേയ്ക്ക് അൽപ്പം സോയ സോസ് ചേർക്കണം. അടുത്തതായി തേങ്ങാപ്പാൽ ചേർത്ത് നന്നായി ഇളക്കാം. ഇതിൽ വേവിച്ചുവച്ചിരിക്കുന്ന ബീഫ് ചേർത്തുയോജിപ്പിക്കണം. ശേഷം വാളൻപുളി പിഴിഞ്ഞെടുത്ത വെള്ളം ചേർത്തുകൊടുക്കാം.
