
ഇന്ദ്രൻസ് ഓസ്‌കർ നേടിയാൽ പോലും ചിലരുടെ മനസിലിരിപ്പ് മാറില്ലെന്ന് സംവിധായകൻ വി സി അഭിലാഷ്. നിയമസഭയിൽ ഇന്ദ്രൻസിനെ ശാരീരികമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള മന്ത്രി വി എൻ വാസവന്റെ പരാമർശത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.
ഇന്ദ്രൻസേട്ടന്റെ സ്ഥാനത്ത് താനായിരുന്നെങ്കിൽ ആ സംസ്ഥാന അവാർഡ് തിരിച്ച് കൊടുത്ത് പ്രതിഷേധിച്ചേനെയെന്നും അഭിലാഷ് ഫേസ്ബുക്കിൽ കുറിച്ചു. സംസ്ഥാന സർക്കാർ ഇന്ദ്രൻസിനോട് ഔദ്യോഗികമായി മാപ്പ് പറയണമെന്നും, സംസ്കാരിക വകുപ്പിന്റെ ചുമതലയിൽ നിന്ന് വി എൻ വാസവനെ മാറ്റണമെന്നാണ് മുഖ്യമന്ത്രിയോട് പറയാനുള്ളതെന്നും അദ്ദേഹം കുറിച്ചു.
പണ്ട് അമിതാഭ് ബച്ചന്റെ ഉയരത്തോളം ഉണ്ടായിരുന്ന കോൺഗ്രസ് ഇന്ന് മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലുപ്പത്തിൽ എത്തിയിരിക്കുന്നു എന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇന്ദ്രൻസേട്ടന്റെ സ്ഥാനത്ത് ഞാനാണെങ്കിൽ ആ സംസ്ഥാന അവാർഡ് തിരിച്ച് കൊടുത്ത് പ്രതിഷേധിച്ചേനെ.
ഇന്ദ്രൻസ് സംസ്ഥാന അവാർഡല്ല,
ദേശീയ അവാർഡോ ഓസ്കാറോ നേടിയാൽ പോലും ചിലരുടെ മനസ്സിലിരുപ്പ് മാറാൻ പോകുന്നുമില്ല.
2018 ലെ iffk യിൽ നിന്ന് ആളൊരുക്കം
ഒഴിവാക്കിയ കാലം. ചലച്ചിത്ര അക്കാദമിയിലെ ഒരു ആസ്ഥാന പണ്ഡിതനോട് ഞാൻ പരിഭവം പറഞ്ഞപ്പോൾ പുള്ളി എന്നോട് ചോദിച്ചു.
"ഞങ്ങള് ഇന്ദ്രൻസിന് സംസ്ഥാന അവാർഡ് കൊടുത്തില്ലേ?"
പിന്നീട് ഇതേ വാചകം അന്നത്തെ സംസ്കാരിക വകുപ്പ് മന്ത്രിയും
ഒരു പ്രസ്സ് മീറ്റിൽ ആവർത്തിക്കുന്നുണ്ട്.
എന്ത് കാരണത്താലാണോ ഈ ചോദ്യത്തിലെ തെറ്റ് ആ രണ്ടു പേർക്കും മനസ്സിലാവാത്തത് അതേ കാരണം തന്നെയാണ് ഇപ്പോഴത്തെ സംസ്കാരിക വകുപ്പ് മന്ത്രിയുടെയും അന്ത:സത്ത!
ഇന്ദ്രൻസേട്ടൻ ഇതിലൊന്നും ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞാലും മേൽപ്പറഞ്ഞ തരം അന്ത:സത്തകൾ
റദ്ദ് ചെയ്യപ്പെടുന്നില്ലല്ലോ. ആയതിനാൽ സംസ്ഥാന മുഖ്യമന്ത്രിയോട് എനിക്ക് പറയാനുള്ളത്, ദയവായി സംസ്കാരിക വകുപ്പിന്റെ ചുമതലയിൽ നിന്ന് വി.എൻ.വാസവനെ ഒഴിവാക്കണം.
ഒപ്പം സംസ്ഥാന സർക്കാർ ഔദ്യോഗികമായി ഇന്ദ്രൻസിനോട്
മാപ്പ് പറയുകയും വേണം.
-വി സി അഭിലാഷ്.